മാന്‍ഡ്രിഡ്: സ്‌പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണ മോശം പ്രകടനം തുടരുന്നു. പത്താം റൗണ്ട് മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ റയോ വല്ലേക്കാനോ ബാഴ്‌സയെ തോല്‍പ്പിച്ചു. വെറ്ററൈന്‍ താരം റഡാമെൽ ഫാൽക്കാവോയാണ് റയോയ്‌ക്കായി ഗോള്‍ നേടിയത്.
ആദ്യപകുതിയുടെ 30ാം മിനിട്ടിലാണ് താരം ലക്ഷ്യം കണ്ടത്. മത്സരത്തിന്‍റെ 69 ശതമാനവും പന്ത് കൈവശം വെയ്‌ക്കാനും ഏഴ് കോര്‍ണറുകള്‍ നേടിയെടുക്കാനും ബാഴ്‌സയ്‌ക്കായെങ്കിലും ഓണ്‍ ടാര്‍ഗറ്റിലേക്ക് ഒരു ഷോട്ട് മാത്രമാണ് തൊടുക്കാനായത്.
തോല്‍വിയോടെ 15 പോയിന്‍റുമായി കറ്റാലന്മാര്‍ പോയിന്‍റ് ടേബിളില്‍ 9ാം സ്ഥാനത്ത് തുടരുകയാണ്. നാല് വിജയങ്ങളും മൂന്ന് വീതം സമനിലയും തോല്‍വികളുമാണ് ടീമിന്‍റെ പട്ടികയിലുള്ളത്. അതേസമയം 11 മത്സരങ്ങളില്‍ നിന്നും ആറ് വിജയങ്ങളോടെ 19 പോയിന്‍റുള്ള വല്ലേക്കാനോ അഞ്ചാം സ്ഥാനത്താണ്.
റയല്‍ ബെറ്റിസ് vs വലെന്‍സി
ലീഗിലെ മറ്റൊരു മത്സരത്തില്‍ റയല്‍ ബെറ്റിസ് വലെന്‍സിയയെ തോല്‍പ്പിച്ചു. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബെറ്റിസ് ജയം പിടിച്ചത്. ബെറ്റിസിനായി ബോർജ ഇഗ്ലേഷ്യസ് ഇരട്ട ഗോള്‍ (14 (P), 30 മിനുട്ട്) നേടിയപ്പോള്‍ ജര്‍മ്മന്‍ പെസെല്ല (61) ജുവാന്‍മി (68) എന്നിവരും ലക്ഷ്യം കണ്ടു.
ഗബ്രിയേല്‍ പോളിസ്റ്റയാണ് വലെന്‍സിയയുടെ ആശ്വാസ ഗോള്‍ നേടിയത്. വിജയത്തോടെ 21 പോയിന്‍റുമായി ബെറ്റിസ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് കേറി. 11 മത്സരങ്ങളില്‍ നിന്നും ആറ് വിജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയുമാണ് ടീമിനുള്ളത്. 11 മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയം മാത്രമുള്ള വലെന്‍സിയ 11ാം സ്ഥാനത്താണ്.
സമനിലപ്പോര്
റയൽ മാഡ്രിഡ് ഒസാസുന മത്സരം ഗോള്‍ രഹിത സമനിലയിലും സെവിയ്യ- മല്ലോക്ക മത്സരം രണ്ട് വീതം ഗോളുകളടിച്ചും സമനിലയില്‍ പിരിഞ്ഞു. ഒസാസുനയ്‌ക്കെതിരെ സമനില വഴങ്ങിയെങ്കിലും 10 മത്സരങ്ങളില്‍ നിന്നും 21 പോയിന്‍റുമായി റയലാണ് പട്ടികയില്‍ ഒന്നാമതുള്ളത്.
ഇതേ പോയിന്‍റുള്ള സെവിയ്യ രണ്ടാം സ്ഥാനത്താണ്. അറ് വിതം വിജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമാണ് ഇരു സംഘത്തിന്‍റെയും പട്ടികയിലുള്ളത്. അതേസമയം 11 മത്സരങ്ങളില്‍ നിന്നും 19 പോയിന്‍റുള്ള ഒസാസുന ആറാം സ്ഥാനത്തും 13 പോയിന്‍റുള്ള മല്ലോക്ക 12ാം സ്ഥാനത്തുമാണ്.