ഫുട്ബോൾ മൈതാനത്ത് സിനദിൻ സിദാൻ എന്ന പേര് എന്നും അത്ഭുതമാണ്. ഫ്രാൻസിന് ലോകകപ്പ് നേടിക്കൊടുത്ത നായകൻ കളിക്കാരനില്‍ നിന്ന് കളി പഠിപ്പിക്കാനെത്തിയപ്പോഴും ആ വിസ്‌മയം തുടരുകയാണ്. തന്‍റെ പഴയ കളിത്തട്ടകമായ റയലിലേക്ക് പരിശീലകന്‍റെ വേഷമണിഞ്ഞ് എത്തുമ്പോൾ സിദാൻ ചിലത് മനസില്‍ കണ്ടിരുന്നു. സൂപ്പർ താര പരിവേഷം നിറഞ്ഞ താരങ്ങളെ മൈതാനത്തെ കളിക്കാരാക്കി മാറ്റി.
"പ്രിയപ്പെട്ടത് ഈ കിരീടം തന്നെ": ലാ ലിഗയോടുള്ള സ്നേഹം വെളിപ്പെടുത്തി സിനദിൻ സിദാൻ - ലാ ലിഗ
" ചാമ്പ്യൻസ് ലീഗ്, ചാമ്പ്യൻസ് ലീഗ് തന്നെയാണ്. പക്ഷേ ലാലിഗ സ്വന്തമാക്കുന്നതാണ് എന്നെ കൂടുതല്‍ സന്തോഷവാനാക്കുന്നത് ". ഇതില്‍ എല്ലാമുണ്ടെന്നാണ് സിദാൻ പറഞ്ഞത്.
കിരീടങ്ങൾ അകന്നു നിന്ന റയലിന്‍റെ ഷെല്‍ഫിലേക്ക് വിജയങ്ങളും കിരീടങ്ങളും തിരികെ എത്തിച്ചു. ഈ സീസണില്‍ കൊവിഡിന് ശേഷം മൈതാനങ്ങൾ ഉണർന്നപ്പോൾ സൂപ്പർ ക്ലബായ ബാഴ്‌സ വിജയം മറന്നു. പക്ഷേ സിദാൻ തന്ത്രങ്ങൾ മറന്നില്ല. 34-ാം സ്‌പാനിഷ് കിരീടമാണ് സിദാൻ ഇന്ന് റയലിന്‍റെ ഷെല്‍ഫിലെത്തിച്ചത്. മറ്റേത് കിരീടത്തേക്കാളും തനിക്ക് പ്രിയപ്പെട്ടത് ലാലിഗയാണെന്ന് സിദാൻ തുറന്നു പറയുകയും ചെയ്തു. " ചാമ്പ്യൻസ് ലീഗ്, ചാമ്പ്യൻസ് ലീഗ് തന്നെയാണ്. പക്ഷേ ലാലിഗ സ്വന്തമാക്കുന്നതാണ് എന്നെ കൂടുതല്‍ സന്തോഷവാനാക്കുന്നത് ". ഇതില്‍ എല്ലാമുണ്ടെന്നാണ് സിദാൻ പറഞ്ഞത്.
റയല്‍ പരിശീലകനായി 11-ാം കിരീടമാണ് സിദാൻ ഇന്ന് സ്വന്തമാക്കിയത്. മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും റയലിന് സിദാൻ സമ്മാനിച്ചു. സിദാന്‍റെ രണ്ടാമത്തെ ലീഗ് കിരീടമാണിത്. " ഇതെന്‍റെ പ്രൊഫഷണല്‍ കരിയറിലെ ഏറ്റവും മികച്ച ദിവസമാണ്. റയലിന്‍റെ താരങ്ങൾ നന്നായി പോരാടി. മറ്റ് ടീമുകളേക്കാൾ മികച്ചത് റയലാണെന്ന് അവർ തെളിയിച്ചു. മാഡ്രിഡില്‍ എന്‍റെ റോൾ ഞാൻ നന്നായി ആസ്വദിക്കുന്നുണ്ടെന്നും സിദാൻ കൂട്ടിച്ചേർത്തു." കൊവിഡ് പശ്ചാത്തലത്തില്‍ റയലിന്‍റെ കിരീട വിജയത്തില്‍ മാഡ്രിഡില്‍ ആഘോഷങ്ങളില്ല. സാധാരണ തുറന്ന ബസില്‍ നഗരം വലം വെയ്ക്കുന്ന രീതിയും ഇത്തവണയില്ല.