എസ്‌താദിയോ ആല്‍ഫ്രഡോ:രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ലാലിഗ കിരീടം തിരിച്ചുപിടിച്ച് റയല്‍ മഡ്രിഡ്. ഇന്ത്യൻ സമയം ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ വിയ്യാ റയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സിദ്ദാനും സംഘവും ലാലിഗയിലെ 34ാം കിരീടം സ്വന്തമാക്കിയത്. ഇതോടെ കപ്പുകളുടെ എണ്ണത്തില്‍ ചിരവൈരികളായ ബാഴ്‌സലോണയേക്കാള്‍ എട്ടെണ്ണം മുന്നിലായി റയല്‍. സീസണില്‍ ഒരു മത്സരം ബാക്കി നില്‍ക്കെയാണ് ടീം കപ്പുയര്‍ത്തിയിരിക്കുന്നത്.
ഡബിളടിച്ച സൂപ്പര്‍ സ്‌ട്രൈക്കര്‍ കരിം ബെന്‍സെമയാണ് റയലിന്‍റെ വിജയശില്‍പ്പി. അതേസമയം ദുര്‍ബലരായ ഒസാസൂനയോട് തോറ്റ കഴിഞ്ഞ രണ്ട് സീസണിലെ ചാമ്പ്യൻമാരായ ബാഴ്‌സണലോണയ്‌ക്ക് രണ്ടാം സ്ഥാനംകൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു കറ്റാലൻ പടയുടെ തോല്‍വി.
ലീഗിലെ ഒന്നും രണ്ടും സ്ഥാനക്കാരായ റയലും , ബാഴ്‌സയും കളത്തിലിറങ്ങിയ ദിവസം ലാലിഗ ആരാധകര്‍ക്ക് ആവേശ നിറഞ്ഞതായിരുന്നു. ജയിച്ചാല്‍ കപ്പ് റയലിന്. എന്നാല്‍ റയല്‍ തോല്‍ക്കുകയും ബാഴ്‌സ ജയിക്കുകയും ചെയ്‌താല്‍ മെസിക്കും സംഘത്തിനും കപ്പ് ഇനിയും സ്വപ്‌നം കാണാം. എന്നാല്‍ നിര്‍ണായക ദിവസത്തില്‍ ഭാഗ്യം റയലിനൊപ്പം നിന്നു. ജയത്തോടെ 37 മത്സരങ്ങളില്‍ നിന്ന് 86 പോയന്‍റ് നേടിയ റയലിനെ മറികടക്കാന്‍ 37 കളികളില്‍ നിന്നും 79 പോയന്‍റുള്ള ബാഴ്‌സയ്‌ക്ക് കഴിയില്ലെന്നായി, ഒരു കളി ബാക്കിയുണ്ടെങ്കില്‍ പോലും.
എളുപ്പമായിരുന്നില്ല ലീഗിലെ അഞ്ചാം സ്ഥാനക്കാരായ വിയ്യാ റയലുമായുള്ള റയലിന്‍റെ വിജയം. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മൈതാനത്ത് അരങ്ങേറിയത്. 29ാം മിനുട്ടിലാണ് ബെൻസെമ ആദ്യ വെടി പൊട്ടിച്ചത്. ലൂക്കാ മോഡ്രിച്ചിന്‍റെ പാസ് വലയ്‌ക്കുള്ളിലാക്കിയ താരം റയലിന് ആദ്യ ലീഡ് സമ്മാനിച്ചു. ആദ്യ ഗോളിന്‍റെ ആവേശത്തില്‍ റയല്‍ വിയ്യാ റയല്‍ പോസ്‌റ്റിലേക്ക് തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തി. ആദ്യ പകുതിയില്‍ ഗോള്‍ നേടാനുള്ള വിയ്യാ റയിലിന്‍റെ മികച്ച ശ്രമങ്ങള്‍ മത്സരത്തിന്‍റെ ആവേശം കൂട്ടി. എങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. രണ്ടാം പകുതിയുടെ തുടക്കത്തിലെ മത്സരം പരുക്കനായി. 62 മിനുട്ടിനുള്ളില്‍ റയലിന്‍റെ ഡാനി കര്‍വജാലിനും മോഡ്രിച്ചിനും മഞ്ഞക്കാര്‍ഡ് കിട്ടി. തൊട്ടുപിന്നാലെ തുടര്‍ച്ചയായി രണ്ട് മാറ്റങ്ങള്‍ വരുത്തി റയല്‍ മഡ്രിഡും വിയ്യാ റയലും മത്സരത്തിന് വേഗം കൂട്ടി. 77ാം മിനുട്ടില്‍ കിട്ടിയ പെനാല്‍ട്ടി ഗോളാക്കി ബെന്‍സെമ റയലിന്‍റെ ലീഡുയര്‍ത്തി. 83ാം മിനുട്ടില്‍ ഇബോറയുടെ വകയായിരുന്നു വിയ്യാ റയലിന്‍റെ ആശ്വാസ ഗോള്‍.