മാഡ്രിഡ് ഡെര്‍ബിയില്‍ അത്‌ലറ്റിക്കോയ്‌ക്കെതിരെ റയലിന് തകര്‍പ്പന്‍ ജയം. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോ മാഡ്രിഡിനെ റയല്‍ മാഡ്രിഡ് വീഴ്‌ത്തിയത്. കരീം ബെന്‍സിമ, മാര്‍ക്കോ അസൻസിയോ എന്നിവരാണ് റയലിനായി ലക്ഷ്യം കണ്ടത്.
മികച്ച ഫോം തുടരുന്ന വിനീഷ്യസ് ജൂനിയറാണ് ഇരു ഗോളുകള്‍ക്കും വഴിയൊരുക്കിയത്. മത്സരത്തിന്‍റെ 16ാം മിനിട്ടിലാണ് ആദ്യ ഗോള്‍ പിറന്നത്. പെനാൾറ്റി ബോക്സിനകത്ത് നിന്നും വിനീഷ്യസ് നല്‍കിയ പാസ് ഒരു തകര്‍പ്പന്‍ വോളിയിലൂടെ ബെന്‍സിമയാണ് ലക്ഷ്യത്തിലെത്തിച്ചത്.
തുടര്‍ന്ന് 57ാം മിനിട്ടില്‍ റയല്‍ രണ്ടാം ഗോളും നേടി. ബോക്‌സിനകത്തേക്ക് വിനീഷ്യസ് നല്‍കിയ പാസ് സ്വീകരിച്ച അസൻസിയോയുടെ ഇടം കാലൻ ഷോട്ടാണ് പന്ത് വീണ്ടും വലയിലെത്തിച്ചത്. ലാലിഗയിലെ റയലിന്‍റെ തുടര്‍ച്ചയായ 10ാം ജയമാണിത്.