മാഡ്രിഡ്: ലാലിഗയിൽ ബാഴ്‌സലോണയെ അട്ടിമറിച്ച് റയൽ ബെറ്റിസ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റയൽ ബെറ്റിസിന്‍റെ വിജയം. 79-ാം മിനിട്ടിൽ ജുവാൻമിയാണ് ബെറ്റിസിന്‍റെ വിജയഗോൾ നേടിയത്. അതേസമയം പുതിയ പരിശീലകൻ സാവിയുടെ കീഴിൽ ബാഴ്‌സയുടെ ആദ്യത്തെ തോൽവിയാണിത്.
മത്സരത്തിൽ പൂർണമായ ആധിപത്യം ബാഴ്‌സക്കായിരുന്നെങ്കിലും വിജയം റയൽ ബാറ്റിസിനൊപ്പമായിരുന്നു. മികച്ചൊരു കൗണ്ടർ അറ്റാക്കിലൂടെയായിരുന്നു ബെറ്റിസ് വിജയഗോൾ സ്വന്തമാക്കിയത്. ജയത്തോടെ 16 മത്സരങ്ങളിൽ നിന്ന് 30 പോയിന്‍റുമായി ബെറ്റിസ് മൂന്നാം സ്ഥാനത്തെത്തി. 23 പോയിന്‍റുമായി ബാഴ്‌സ ഏഴാം സ്ഥാനത്താണ്.
അട്ടിമറിയുമായി മല്ലോർക്ക
ശക്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ അട്ടിമറിച്ച് മല്ലോർക്ക. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ തോൽവി. മല്ലോർക്കക്കായി ഫ്രാങ്കോ റുസോ, തക്കിഫുസ കുബോ എന്നിവർ ഒരോ ഗോൾ വീതം നേടിയപ്പോൾ അത്ലറ്റിക്കോ മാഡ്രിഡിനായി മാത്യൂസ് കുൻഹ ഗോൾ നേടി.
ഗോൾ രഹിത സമനിലയിൽ കലാശിച്ച ആദ്യ പകുതിക്കൊടുവിൽ 68-ാം മിനിട്ടിൽ കുൻഹയിലൂടെ അത്ലറ്റിക്കോ മാഡ്രിഡാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ 80-ാം മിനിട്ടിൽ റുസോയിലൂടെ മല്ലോർക്ക തിരിച്ചടിച്ചു. ഇതോടെ മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ചെങ്കിലും അത്‌ലറ്റിക്കോയെ ഞെട്ടിച്ചുകൊണ്ട് ഇഞ്ച്വറി ടൈമിന്‍റെ ആദ്യ മിനിട്ടിൽ കുബോ വിജയ ഗോൾ നേടി.