ബാലൈഡോസ്:സ്‌പാനിഷ് ലാലിഗയില്‍ സെല്‍റ്റ വിഗോയ്‌ക്കെതിരെ ബാഴ്‌സലോണയ്‌ക്ക് സമനില. വാശിയും വീറും നിറഞ്ഞ മത്സരത്തില്‍ മൂന്ന് ഗോളുകള്‍ വീതം നേടിയാണ് ഇരു സംഘവും സമനിലയില്‍ പിരിഞ്ഞത്. ആദ്യ പകുതിയില്‍ മൂന്ന് ഗോളിന് ബാഴ്‌സ മുന്നിട്ട് നിന്നപ്പോള്‍ രണ്ടാം പകുതിയിലാണ് സെല്‍റ്റ മൂന്ന് ഗോളും മടക്കിയത്.
മത്സരത്തിന്‍റെ അഞ്ചാം മിനിട്ടില്‍ തന്നെ യുവതാരം അന്‍സു ഫാറ്റിയിലൂടെ മുന്നിലെത്താന്‍ ബാഴ്‌സയ്‌ക്ക് കഴിഞ്ഞു. തുടര്‍ന്ന് 18ാം മിനിട്ടില്‍ സെര്‍ജിയോ ബുസ്കെറ്റ്സും 34ാം മിനിട്ടില്‍ മെംഫിസ് ഡിപെയും ബാഴ്‌സയുടെ ലീഡ് വര്‍ധിപ്പിച്ചു.
ആദ്യ പകുതിയില്‍ മൂന്ന് ഗോള്‍ കടവുമായി കയറിയ സെല്‍റ്റ വിഗോ പുതിയ ഊര്‍ജവുമാണ് രണ്ടാം പകുതിക്കിറങ്ങിയത്. കൂടുതല്‍ സമയം പന്ത് കൈവശം വെയ്‌ക്കാനും നിരന്തരം ബാഴ്‌സയുടെ ഗോള്‍ മുഖത്തേക്ക് ഇരച്ച് കയറാനും വിഗോ സംഘത്തിനാവുകയും ചെയ്‌തു.
ഇതിന്‍റെ ഫലമായി 52ാം മിനിട്ടില്‍ ഇയാഗോ അസ്പാസിലൂടെയാണ് സെല്‍റ്റ അദ്യ ഗോളടിച്ചത്. 74ാം മിനിട്ടില്‍ നൊലിറ്റോയിലൂടെ രണ്ടാം ഗോളും കണ്ടെത്തി. തുടര്‍ന്ന് 96ാം മിനിട്ടില്‍ ഇയാഗോ അസ്പാസിലൂടെ തന്നെയാണ് സെല്‍റ്റ വിഗോ സമനില ഗോളും കണ്ടെത്തിയത്.
മത്സരത്തിന്‍റെ 53 ശതമാനവും പന്ത് കൈവശം വെയ്‌ക്കാന്‍ സെല്‍റ്റ താരങ്ങള്‍ക്ക് കഴിഞ്ഞു. മൂന്ന് കോര്‍ണറുകളും സംഘം നേടിയെടുത്തു. എന്നാല്‍ ഒരു കോര്‍ണര്‍ മാത്രം നേടിയെടുക്കാനെ ബാഴ്‌സക്കായുള്ളു.