മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ മുന്നേറുന്ന റയല്‍ മാഡ്രിഡിനെ സമനിലയില്‍ തളച്ച് സെവിയ്യ. ലീഗിലെ നിര്‍ണായക മത്സരത്തില്‍ ഇരു ടീമുകളും രണ്ട് വീതം ഗോളടിച്ച് പിരിഞ്ഞു. ഫെര്‍ണാഡോയുടെ ഗോളിലൂടെ ആദ്യപകുതിയില്‍ ലീഡ് സ്വന്തമാക്കിയെങ്കിലും രണ്ടാം പകുതിയില്‍ സിനദന്‍ സിദാന്‍റെ ശിഷ്യന്മാരുടെ മുന്നേറ്റത്തിന് മുന്നില്‍ സെവിയ്യക്ക് പിടിച്ചുനില്‍ക്കാനായില്ല.
പകരക്കാരനായി ഇറങ്ങിയ ഫോര്‍വേഡ് മാര്‍ക്കോ അസെന്‍സിയോയാണ് റയലിനായി ആദ്യം വല കുലുക്കിയത്. 66-ാം മിനിട്ടില്‍ ലൂക്കാ മോഡ്രിക്കിന് പകരം ഇറങ്ങിയ അസെന്‍സിയോ തൊട്ടടുത്ത മിനിട്ടില്‍ ഗോളടിച്ച് ആഘോഷിച്ചു. ബോക്‌സിനുള്ളില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന അസെന്‍സിയോ ടോണി ക്രൂസിന്‍റെ അസിസ്റ്റിലൂടെയാണ് പന്ത് വലയിലെത്തിച്ചത്.
കൂടുതല്‍ വായനക്ക്:ചെല്‍സിക്ക് മുമ്പില്‍ അടിപതറി സിറ്റി; കിരീടത്തിനായി കാത്തിരിക്കണം
പിന്നാലെ 10 മിനിറ്റുകള്‍ക്ക് ശേഷം ഇവാന്‍ റാക്കിറ്റിക്ക് പെനാല്‍ട്ടിയിലൂടെ സെവിയ്യക്കായി ലീഡ് ഉയര്‍ത്തിയെങ്കിലും അധികസമയത്ത് ഈഡന്‍ ഹസാര്‍ഡിലൂടെ റയല്‍ സമനില പിടിച്ചു. മത്സരം സമനിലയിലായതോടെ ലീഗില്‍ റയലിന്‍റെ സാധ്യതകള്‍ക്ക് മങ്ങലേറ്റു.
പോയിന്‍റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാര്‍ക്ക് മൂന്ന് മത്സരങ്ങള്‍ വീതമാണ് ശേഷിക്കുന്നത്. കിരീട പോരാട്ടത്തില്‍ ഒപ്പത്തിനൊപ്പം മുന്നേറുന്ന ബാഴ്‌സലോണക്കും റയലിനും 75 പോയിന്‍റ് വീതവും ടേബിള്‍ ടോപ്പറായ അത്‌ലറ്റിക്കോ മാഡ്രിഡിന് 77 പോയിന്‍റും. ലീഗില്‍ കിരീട പോരാട്ടം നടത്തുന്ന മൂന്ന് ടീമുകളും താരമ്യേന ദുര്‍ബലരെയാണ് ഇനി നേരിടേണ്ടത്. അതിനാല്‍ തന്നെ ശേഷിക്കുന്ന മത്സരങ്ങളിലെ ജയപരാജയങ്ങള്‍ മൂന്ന് ടീമിനും നിര്‍ണായകമാണ്.