മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ നിര്‍ണായക പോരാട്ടത്തിന് ഒരുങ്ങുകയാണ് റയല്‍ മാഡ്രിഡ്. കിരീടം നിലനിര്‍ത്തണമെങ്കില്‍ ഗ്രാനഡെക്കെതിരായ എവേ മത്സരത്തില്‍ റയലിന് ജയിച്ചേ മതിയാകൂ. ലീഗില്‍ മൂന്ന് മത്സരങ്ങളാണ് റയലിന് ശേഷിക്കുന്നത്.
സീസണില്‍ കപ്പടിക്കാന്‍ ടേബിള്‍ ടോപ്പേഴ്‌സായ അത്‌ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡുമായാണ് കപ്പടിക്കാന്‍ പോയന്‍റ് പട്ടികയില്‍ മത്സരിക്കുന്നത്. 36 മത്സരങ്ങളില്‍ നിന്നും 80 പോയിന്‍റുള്ള അത്‌ലറ്റിക്കോയുടെ കിരീടപ്രതീക്ഷ സജീവമാണ്. നാല് പോയിന്‍റിന്‍റെ മുന്‍തൂക്കമാണ് ഡിയേഗോ സിമിയോണിയുടെ ശിഷ്യന്‍മാര്‍ക്കുള്ളത്. 76 പോയിന്‍റുള്ള ബാഴ്‌സലോണയും 75 പോയിന്‍റുള്ള റയല്‍ മാഡ്രിഡുമാണ് പട്ടികയില്‍ തൊട്ടുതാഴെയുള്ളത്. രണ്ട് മത്സരങ്ങള്‍ മാത്രമുള്ള ബാഴ്‌സ കപ്പടിക്കണമെങ്കില്‍ അത്‌ഭുതങ്ങള്‍ സംഭവിക്കണം.
അതേസമയം ശേഷിക്കുന്ന മൂന്ന് മത്സരത്തിലും ജയിച്ചാല്‍ റയലിന് കപ്പടിക്കാന്‍ സാധ്യത കൂടുതലാണ്. എതിരാളികളുടെ കരുത്തിനേക്കാള്‍ പരിക്കാണ് റയലിന് മുന്നിലെ വില്ലന്‍മാര്‍. പരിശീലകന്‍ സിനദന്‍ സിദാനെ ഉള്‍പ്പെടെ വലക്കുന്നതും ഈ ചിന്തകളാണ്.