മാഡ്രിഡ്:സ്പാനിഷ് ലാലിഗയില്‍ കപ്പടിക്കാനുള്ള 'ടോപ് ത്രി' പോരാട്ടം തുടരുന്നു. ടേബിള്‍ ടോപ്പറായ അത്ലറ്റിക്കോ മാഡ്രിഡും നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും കരുത്തരായ ബാഴ്സലോണയും തമ്മിലാണ് കിരീട പോര്. ലീഗില്‍ മൂന്ന് വമ്പന്മാര്ക്കും ശേഷിക്കുന്നത് നാല് വീതം മത്സരമാണ്. അത്ലറ്റിക്കോ മാഡ്രിഡിന് 76ഉം റയലിനും ബാഴ്സക്കും 74ഉം പോയിന്റ് വീതമാണുള്ളത്. ലീഗില്‍ അവസാനം നടന്ന മത്സരങ്ങളില്‍ മൂവരും ജയം സ്വന്തമാക്കി.
ബാഴ്സലോണ ഇന്ന് പുലര്‍ച്ചെ നടന്ന ലാലിഗയില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വലന്‍സിയെ പരാജയപ്പെടുത്തി. സൂപ്പര്‍ ഫോര്‍വേഡ് ലയണല്‍ മെസിയുടെ ഇരട്ട ഗോളിന്റെ മികവിലാണ് ബാഴ്സയുടെ ജയം. ഗോള്‍രഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷമാണ് മെസി മാജിക്കിന് വലന്‍സിയയുടെ ഹോം ഗ്രൗണ്ടായ മെസ്റ്റാല സ്റ്റേഡിയം സാക്ഷിയായത്. പെനാല്‍ട്ടി ഷോട്ട് പാഴായെങ്കിലും തുടര്‍ന്ന് ബോക്സിന് മുന്നില്‍ നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവില്‍ മെസി ബാഴ്സക്കായി അക്കൗണ്ട തുറന്നു. ഫ്രീ കിക്കിലൂടെയാണ് മെസിയുടെ രണ്ടാമത്തെ ഗോള്‍. ഇത്തവണ വലന്‍സിയയുടെ പ്രതിരോധത്തിന് മുകളിലൂടെ തൊടുത്ത ഹാഫ് വോളി വലത് ക്രോസ് ബാറില്‍ തട്ടിയ ശേഷം ഗോള്‍വല ചലിപ്പിച്ചു. ബാഴ്സക്കായി ഫ്രഞ്ച് ഫോര്‍വേഡ് അന്റോണിയോ ഗ്രീസ്മാനും ഗോള്‍ നേടി.