കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ തമിഴ്‌നാടിനെ തകർത്ത് കേരളം ഫൈനല്‍ റൗണ്ടില്‍. എതിരില്ലാത്ത ആറ് ഗോളുകൾക്കായിരുന്നു കേരളത്തിന്‍റെ വിജയം. കഴിഞ്ഞ മത്സരത്തില്‍ ആന്ധ്രക്കെതിരെ നേടിയ മറുപടിയില്ലാത്ത അഞ്ച് ഗോൾ വിജയത്തിന്‍റെ ആവേശം അടങ്ങുന്നതിന് മുമ്പാണ് കേരളത്തിന്‍റെ തകർപ്പൻ ജയം.
തമിഴ്‌നാടിനെതിരെ ആറടിച്ച് കേരളം - football news
സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ച് കേരളം. തമിഴ്‌നാടിനെ തകർത്തത് ഏകപക്ഷീയമായ ആറ് ഗോളുകൾക്ക്
മത്സരം തുടങ്ങി ആദ്യ മിനിറ്റ് മുതല്‍ കേരളത്തിനായിരുന്നു ആധിപത്യം. 24-ാം മിനിറ്റിലായിരുന്നു കേരളത്തിന്‍റെ ആദ്യ ഗോൾ. വിഷ്‌ണുവാണ് കേരളത്തിന് വേണ്ടി ആദ്യം ഗോൾവല കുലുക്കിയത്. 33-ാം മിനിറ്റിലും 45-ാം മിനിറ്റിലും ജിതിൻ ലക്ഷ്യം കണ്ടു. ആദ്യ പകുതി അവസാനിക്കുമ്പോൾ കേരളം മൂന്ന് ഗോളുകൾക്ക് മുന്നിലായിരുന്നു.
ആദ്യ പകുതിയില്‍ വ്യക്തമായ ലീഡ് കിട്ടിയതോടെ രണ്ടാം പകുതിയിലും കേരളം ആക്രമിച്ച് കളിച്ചു. 83-ാം മിനിറ്റില്‍ മൗസൂഫ് തമിഴ്‌നാടിന്‍റെ വല വീണ്ടും അനക്കി. എന്നാല്‍ കേരളത്തിന്‍റെ മുന്നേറ്റം അവിടെയും അവസാനിച്ചില്ല. ഇഞ്ചുറി ടൈമിന്‍റെ രണ്ടാം മിനിറ്റിലെത്തിയപ്പോൾ ജിജോ തമിഴ്‌നാടിനെ വീണ്ടും വിറപ്പിച്ചു. രണ്ട് മിനിറ്റിന് ശേഷം എമില്‍ കേരളത്തിന്‍റെ ആറാം ഗോളും നേടി. കേരളം ഇതോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്‍റുമായാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്.