കേരള പ്രീമിയർ ലീഗ് സെമിയിൽ ഗോകുലം ബ്ലാസ്റ്റേഴ്സിനെ നേരിടും - ഗോകുലം കേരള എഫ്സി
ഇന്ന് ജയിക്കുന്നവർ ഫൈനലിൽ ഇന്ത്യൻ നേവിയെ നേരിടും. മത്സരം വൈകിട്ട് നാല് മണിക്ക്
കേരള പ്രീമിയർ ലീഗ് സെമി ഫൈനലിൽ ഗോകുലം കേരള എഫ്സി ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ഇന്നിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച് റെക്കോര്‍ഡിട്ടാണ് ഗോകുലം സെമിലെത്തിയത്. കേരള ബ്ലാസ്‌റ്റേഴ്‌സ് ആകട്ടെ ഗ്രൂപ്പില്‍ അവസാനം ഇന്ത്യന്‍ നേവിയോടേറ്റ പരാജയത്തോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ടൂർണമെന്‍റിലെ ആദ്യ സെമി ഫൈനലിനാണ് ഇന്ന് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്. റിസര്‍വ് ടീമിനെയിറക്കിയാണ് കളിക്കുന്നതെങ്കിലും ഐ ലീഗിലെയും ഐഎസ്എല്ലിലെയും താരങ്ങളും ഇന്ന് കളത്തില്‍ ഇറങ്ങും. ശക്തമായ ടീമിനെ തന്നെ ഇറക്കിയാകും ഇന്ന് ഇരു ക്ലബുകളും സെമിയിൽ ഇറങ്ങുക. കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് നാല് മണിക്കാണ് മത്സരം. ഇന്ന് ജയിക്കുന്നവർ ഫൈനലിൽ ഇന്ത്യന്‍ നേവിയെ നേരിടും.