കൊച്ചി : പ്രധാന ഗോൾ കീപ്പർ ആൽബിനോ ഗോമസിന് പരിക്കേറ്റ സാഹചര്യത്തിൽ പുതിയ ഗോൾ കീപ്പറെ ടീമിലേക്കെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഫ്രീ ഏജന്‍റായി ചെന്നൈയിൻ എഫ് സിയുടെ മുൻ ഗോൾ കീപ്പർ കരണ്‍ജിത് സിങ്ങിനെയാണ് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.
ബ്ലാസ്റ്റേഴ്‌സിന്‍റെ വിക്കറ്റ് കീപ്പർ ആൽബിനോ ഗോമസിന്‍റെ കാൽമുട്ടിനാണ് പരിക്കേറ്റത്. ആൽബിനോയുടെ തിരിച്ചുവരവ് വൈകും എന്നാണ് മെഡിക്കൽ സംഘം അറിയിച്ചിരിക്കുന്നത്. ആൽബിനോയെക്കൂടാതെ മൂന്ന് കീപ്പർമാർ ടീമിലുണ്ടെങ്കിലും അവരെല്ലാം യുവതാരങ്ങളാണ്. ഈ സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ കീപ്പറെ ടീമിലേക്ക് എത്തിക്കാൻ നിർബന്ധിതനായത്.
35 കാരനായ കരണ്‍ജിത്ത് ചെന്നൈയിൻ എഫ് സിക്കൊപ്പം രണ്ട് തവണ ഐഎസ്എൽ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. 2017-18 സീസണിൽ ഏഴ് ക്ലീൻ ഷീറ്റുകളോടെ ചെന്നൈക്ക് കിരീടം നേടി കൊടുക്കുന്നതിൽ താരം പ്രധാന പങ്ക് വഹിച്ചിരുന്നു. കഴിഞ്ഞ സീസണ്‍ അവസാനത്തോടെ താരം ചെന്നൈയിൻ വിട്ടിരുന്നു.
ALSO READ:ISL 2021: പരിക്കിന്‍റെ പിടിയിൽ കേരള ബ്ലാസ്റ്റേഴ്‌സ്; എനെസ് സിപോവിച്ച് രണ്ടാഴ്‌ച പുറത്ത്
അതേസമയം കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയം നേടാൻ സാധിച്ചത് ബ്ലാസ്റ്റേഴ്‌സിന്‍റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ ആറ് മത്സരങ്ങളിൽ നിന്ന് ഒൻപത് പോയിന്‍റുമായി പട്ടികയിൽ ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. നാളെ ചെന്നൈയിൻ എഫ്‌സിയുമായിട്ടാണ് ടീമിന്‍റെ അടുത്ത മത്സരം.