കേരളം

kerala

ETV Bharat / sports

ആശ്വാസ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

പഴയ ബ്ലാസ്റ്റേഴ്സ് താരവും ജംഷഡ്പൂർ എഫ്.സിയിലെ മലയാളി സാനിധ്യവുമായ സി.കെ വിനീതായിരിക്കും ഇന്നത്തെ കളിയിലെ ശ്രദ്ധാ കേന്ദ്രം. നന്നായി കളിച്ച് ലീഡ് നേടിയിട്ടും അവസാന നിമിഷങ്ങളില്‍ ഗോള്‍ വഴങ്ങുന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നം

By

Published : Dec 13, 2019, 9:59 AM IST

Kerala Blasters  Latest news ISL  കേരള ബ്ലാസ്റ്റേഴ്സ്  ആശ്വാസ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ്  ജംഷഡ്പൂർ എഫ്.സി  സി.കെ വിനീത്
ആശ്വാസ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

കൊച്ചി: ഐ.എസ്.എൽ ആറാം സീസണിലെ ആശ്വാസ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും. സ്വന്തം തട്ടകത്തിൽ ബ്ലാസ്റ്റേഴ്സിന്‍റെ അഞ്ചാമത്തെ മത്സരം കൂടിയാണിത്. കരുത്തരായ ജംഷഡ്പൂർ എഫ്.സിയാണ് ഇന്നത്തെ എതിരാളികൾ. പഴയ ബ്ലാസ്റ്റേഴ്സ് താരവും ജംഷഡ്പൂർ എഫ്.സിയിലെ മലയാളി സാനിധ്യവുമായ സി.കെ വിനീതാണ് ഇന്നത്തെ കളിയിലെ ശ്രദ്ധാ കേന്ദ്രം.

അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് ആരാധകർ എങ്ങിനെ സ്വീകരിക്കുമെന്നത് കണ്ടറിയണം. സൂപ്പര്‍ ലീഗിലെ മോശം പ്രകടനത്തിന് അറുതി വരുത്താനാവുമെന്ന പ്രതീക്ഷയോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്നത്. വൈകിട്ട് ഏഴരക്ക് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ് സ്റ്റേഡിയത്തിലാണ് കിക്കോഫ്.
ഉദ്ഘാടന മത്സരത്തില്‍ എ.ടി.കെയ്‌ക്കെതിരെ ജയിച്ച് തുടങ്ങിയ ബ്ലാസ്റ്റേഴ്‌സിന് പിന്നീട് വിജയം ആവർത്തിക്കാനായിട്ടില്ല. കേരളത്തിന്‍റെ സ്വന്തം ടീം വിജയിച്ച് തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ ഫുട്മ്പോൾ പ്രേമികൾ ഇന്നും കളികാണാൻ ഒഴുകിയെത്തുക. പരിക്കിന്‍റെ പിടിയില്‍ നിന്ന് പൂര്‍ണവിമുക്തരായില്ലെങ്കിലും ഇന്ന് വിജയമല്ലാതെ മറ്റൊന്നും ടീമിനും കോച്ചിനും മുന്നിലില്ല. ഏഴു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഐ.എസ്.എൽ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിന്‍റേത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് ആകെ നേട്ടം ആറു പോയിന്‍റ്. ഇന്നും ജയിക്കാനായില്ലെങ്കില്‍ കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ടീമിനെ പൂര്‍ണമായും കൈവിടുന്ന സ്ഥിതിയാവും. കോച്ചിന്‍റെ സ്ഥാനവും പരുങ്ങലിലാവും.
പ്രമുഖ താരങ്ങളുടെ പരിക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ ഇപ്പോഴും വലയ്ക്കുന്നത്. കോച്ച് എല്‍കോ ഷട്ടോരിക്ക് സീസണില്‍ ഇതുവരെ താന്‍ ഉദ്ദേശിക്കുന്നപോലൊരു ടീമിനെ കളത്തിലിറക്കാന്‍ കഴിഞ്ഞിട്ടില്ല. നന്നായി കളിച്ച് ലീഡ് നേടിയിട്ടും അവസാന നിമിഷങ്ങളില്‍ ഗോള്‍ വഴങ്ങുന്നതാണ് ബ്ലാസ്റ്റേഴ്സിന്‍റെ പ്രശ്നം. ഗോവക്കെതിരെയും മുംബൈ സിറ്റിക്കെതിരെയും ബ്ലാസ്‌റ്റേഴ്‌സ് സമനിലയില്‍ കുരുങ്ങിയത് അവസാന മിനുറ്റുകളിലായിരുന്നു. പ്ലേമേക്കര്‍ മരിയോ ആര്‍ക്വസ് പരിക്ക് മാറി ഇന്ന് കളത്തിലിറങ്ങുമെന്ന് സൂചനയുണ്ട്. താരം ഫിറ്റാണങ്കിലും മുഴുവന്‍ സമയവും കളിക്കാനുള്ള കായികക്ഷമതയില്ലെന്നാണ് ഷട്ടോരിയുടെ പ്രതികരണം. ഈ സീസണില്‍ ആദ്യ മത്സരത്തില്‍ പകരക്കാരനായി കളിച്ച ആര്‍ക്കെസ് പിന്നീട് കളത്തിലിറങ്ങിയില്ല.
പരിക്കേറ്റ നായകന്‍ ഒഗ്‌ബെച്ചെയുടെ സേവനം ഇന്നും ടീമിന് ലഭിക്കില്ല. മുംബൈ സിറ്റിക്കെതിരായ മത്സരത്തിലും ഒഗ്‌ബെച്ചെ കളിച്ചിരുന്നില്ല. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെ ഇന്നും നിലനിര്‍ത്താനാണ് സാധ്യത. ഇന്ന് ജയിച്ചാല്‍ ജംഷഡ്പൂരിന് പോയിന്‍റ് ടേബിളില്‍ ഒന്നാമന്‍മാരാവാം. ഏഴ് കളികളില്‍ നിന്ന് 12 പോയിന്‍റുമായി നാലാം സ്ഥാനത്താണ് ടീമിപ്പോള്‍. ഹോം ഗ്രൗണ്ടിലെ അവസാന മത്സരങ്ങളില്‍ നിന്ന് രണ്ടു പോയിന്‍റുള്‍ മാത്രമാണ് ജംഷഡ്പൂരിന് നേടാനായത്. പരിക്കേറ്റതിനാല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ കാസ്റ്റല്‍ ഇന്ന് കളിക്കില്ലെന്ന് കോച്ച് ഇറിയാണ്ടോ വ്യക്തമാക്കിയിരുന്നു. സീസണില്‍ അഞ്ച് ഗോളടിച്ച കാസ്റ്റലിന്‍റ് അഭാവം ഇന്നത്തെ കളിയിൽ ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്‌തേക്കാം. പതിവു പോലെ കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ഇന്നും കൊച്ചിയിലേക്ക് ഒഴുകിയെത്തും.

ABOUT THE AUTHOR

...view details