കൊൽക്കത്ത : ഡ്യൂറൻഡ് കപ്പ് ഫുട്‌ബോൾ ടൂർണമെന്‍റിൽ ഡൽഹി എഫ്.സിയോട് തോറ്റ് ക്വാർട്ടർ ഫൈനൽ കാണാതെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത്. നിർണായക മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഡൽഹിയുടെ വിജയം. ഇരു ടീമുകളും മികച്ച പ്രകടനം കാഴ്‌ചവച്ചെങ്കിലും ഒരു പിടി മുകളിൽ നിന്നത് ഡൽഹിയായിരുന്നു.
സമനില നേടിയിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന് ക്വാർട്ടറിൽ പ്രവേശിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഡൽഹിയുടെ വില്ലിസ് പ്ലാസ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സിന്‍റെ സ്വപ്‌നങ്ങൾ തകർത്തു.
ഐഎസ്‌എൽ സീസണിനായുള്ള ഒരുക്കത്തിന്‍റെ ഭാഗമായാണ് ബ്ലാസ്റ്റേഴ്‌സ് ഡ്യൂറൻഡ് കപ്പിൽ പങ്കാളിയായത്. വിദേശ താരങ്ങളിൽ രണ്ടുപേർ മാത്രമാണ് ടൂർണമെന്‍റിൽ കളിച്ചത്. ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട സന്ദീപ് സിങ്, ധനചന്ദ്ര മീട്ടേ, ഹോർമിപാം എന്നിവരില്ലാതെയാണ് ഇവാൻ വുകാമനോവിച്ച് പരിശീലിപ്പിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ഡൽഹിക്കെതിരെ കളത്തിലിറങ്ങിയത്.
ALSO READ :മെസിക്ക് കാൽമുട്ടിന് പരിക്ക് ; സിറ്റിക്കെതിരായ മത്സരം നഷ്‌ടമായേക്കും
ബ്ലാസ്റ്റേഴ്‌സ് മടങ്ങിയെങ്കിലും കേരളത്തിന്‍റെ പ്രതീക്ഷ അവസാനിച്ചിട്ടില്ല. നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഡി യില്‍ നിന്ന് ചാമ്പ്യന്മാരായാണ് ഗോകുലത്തിന്‍റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം.