തിലക് മൈതാൻ: ഗോവയിലെ തിലക്‌മൈതാൻ സ്റ്റേഡിയത്തില്‍ ഇന്ന് മഞ്ഞപ്പടയുടെ ദിവസമായിരുന്നു. ആദ്യ ഗോൾ നേടി, പിന്നീട് ഗോൾ വഴങ്ങി, രണ്ടാം പകുതിയില്‍ പത്തുപേരായി ചുരുങ്ങി. ഒടുവില്‍ കളി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടിന് എതിരെ മൂന്ന് ഗോളുകൾക്ക് ജംഷദ്‌പുരിനെ തോല്‍പ്പിച്ചു. തുടർ തോല്‍വികളില്‍ ലീഗില്‍ നിന്ന് പുറത്താകുമെന്ന സ്ഥിതിയില്‍ ഇന്നത്തെ ജയം ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമാണ്. ഐഎസ്‌എല്‍ ചരിത്രത്തില്‍ ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജംഷദ്‌പുർ എഫ്‌സിയെ തോല്‍പ്പിക്കുന്നത്.
ഒടുവില്‍ ജയിച്ചു: പത്ത് പേരുമായി കളിച്ച് ജംഷദ്‌പുരിനെ തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്‌സ് - ജംഷദ്‌പുർ എഫ്സി
ബ്ലാസ്റ്റേഴ്‌സിന് വേണ്ടി രണ്ട് ഗോൾ നേടി നിറഞ്ഞ് കളിച്ച മറെയാണ് കളിയിലെ കേമൻ.
22-ാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം കോസ്റ്റ നമോണൈസുവാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. ഗോൾ വഴങ്ങിയതോടെ ജംഷദ്‌പുർ ഉണർന്നു കളിച്ചു. 36-ാം മിനിട്ടില്‍ അതിനു ഫലവുമുണ്ടായി. നെരിയസ് വാല്‍ക്കിസ് ഫ്രീക്കിക്കിലൂടെ ഗോൾ നേടി. പക്ഷേ വിട്ടുകൊടുക്കാൻ ബ്ലാസ്റ്റേഴ്സ് തയ്യാറായിരുന്നില്ല. 66-ാം മിനിട്ടില്‍ ലാല്‍റുവത്താര രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോയിട്ടും ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഫക്കുണ്ടോ പെരേര, മറെ, സഹല്‍ എന്നിവർ തകർത്തുകളിച്ചു. 78-ാം മിനിട്ടില്‍ അതിന് ഫലവുമുണ്ടായി. ജോർദാൻ മറെയാണ് ഗോൾ നേടിയത്.
82-ാം മിനിട്ടില്‍ ജംഷദ്‌പുരിനെ ഞെട്ടിച്ച് ബ്ലാസ്റ്റേഴ്സ് വീണ്ടും ഗോൾ നേടി. ഇത്തവണയും മറെതന്നെയായിരുന്നു ഗോൾ സ്കോറർ. പക്ഷേ84-ാം മിനിട്ടില്‍ വാല്‍കിസ് വീണ്ടും ഗോൾ നേടിയെങ്കിലും ജംഷദ്‌പുരിന് വിജയത്തിലേക്ക് നീങ്ങാനായില്ല. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി രണ്ട് ഗോൾ നേടി നിറഞ്ഞ് കളിച്ച മറെയാണ് കളിയിലെ കേമൻ.