ഇറ്റാലിയന്‍ സീരി എയിലെ ആവേശ പോരാട്ടത്തില്‍ ഇന്‍റര്‍മിലാനെ പരാജയപ്പെടുത്തി ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകള്‍ നിലനിര്‍ത്തി യുവന്‍റസ്. 3-2 എന്ന സ്കോറിനാണ് ആന്ദ്രേ പിർലോയുടെ സംഘം വിജയം പിടിച്ചത്. രണ്ട് ചുവപ്പ് കാർഡും മൂന്ന് പെനാല്‍റ്റിയും ഒരു ഓൺ ഗോളുമൊക്കെയായി സംഭവബഹുലമായ മത്സരത്തില്‍ അവസാന നിമിഷത്തിലെ പെനാല്‍റ്റി ഗോളിലായിരുന്നു ടീമിന്‍റെ വിജയം.
കളിയുടെ 23ാം മിനുട്ടിൽ ഒരു പെനാല്‍റ്റിയിൽ നിന്നാണ് യുവന്‍റസിന്‍റെ ആദ്യ ഗോൾ പിറന്നത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എടുത്ത കിക്ക് സാമിർ ഹാൻഡനോവിച് സേവ് ചെയ്തെങ്കിലും റീബൗണ്ടിലൂടെ റൊണാൾഡോ പന്ത് വലയിലെത്തിച്ചു.
തുടര്‍ന്ന് ഇന്‍ററിന്‍റെ മറുപടിയും പെനാല്‍റ്റിയില്‍ നിന്നായിരുന്നു. 34ാം മിനുട്ടിൽ റോമെലു ലുകാക്കുവാണ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സമനില പിടിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് യുവാന്‍ കൊഡ്രാഡോയിലൂടെ 48ാം മിനുട്ടില്‍ യുവന്‍റസ് ലീഡെടുത്തു.
also read: സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍; റെക്കോഡിനൊപ്പമെത്തി ലെവന്‍ഡോവ്‌സ്‌കി
രണ്ടാം പകുതിയുടെ തുടക്കത്തിൽ 55ാം മിനുട്ടില്‍ റോഡ്രിഗോ ബെന്‍റാൻകൂർ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത് യുവന്‍റസിന് തിരിച്ചടിയായി. 83ാം മിനുട്ടില്‍ ക്യാപ്റ്റൻ കിയെലിനി സെൽഫ് ഗോൾ വഴങ്ങിയതോടെ ഇന്‍റര്‍ 2-2ന് സമനില പിടിച്ചു. തുടര്‍ന്ന് 88ാം മിനുട്ടിൽ ലഭിച്ച പെനാല്‍ട്ടിയിലൂടെയാണ് യുവന്‍റസ് വിജയം പിടിച്ചത്. ഇതിനിനടെ റൊണോള്‍ഡോയെ കളത്തില്‍ നിന്നും പിന്‍വലിച്ചതിനാല്‍ യുവാന്‍ കൊഡ്രാഡോയാണ് പന്ത് ലക്ഷ്യത്തിലെത്തിച്ചത്.
മത്സരത്തിന്‍റെ 92ാം മിനുട്ടില്‍ ഇന്‍റര്‍മിലാന്‍ താരം മാര്‍സലോ ബ്രൊസൊവിച് ചുവപ്പ് കണ്ട് പുറത്തായി. അതേസമയം വിജയത്തോടെ 75 പോയിന്‍റോടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്താന്‍ യുവന്‍റസിനായി. ഒരു മത്സരം കുറവ് കളിച്ച നാപോളിയാണ് 73 പോയിന്‍റോടെ യുവന്‍റസിന് പിന്നിലുള്ളത്. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ഫിയോറെന്‍റീനയെ തോല്‍പ്പിക്കാനായാല്‍ നാപ്പോളിക്ക് യുവന്‍റസിനെ മറികടക്കാം.