റയല്‍ മാഡ്രിഡില്‍ ഗോളടിച്ചു കൂട്ടിയ കാലം... ലയണല്‍ മെസിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ആരാണ് സൂപ്പർതാരമെന്ന് ലോകമെമ്പാടുമുള്ള ആരാധകർ തർക്കിച്ചും തല്ലുകൂടിയും വാർത്തകളില്‍ നിറഞ്ഞിരുന്ന കാലം.... ചാമ്പ്യൻസ് ലീഗും ലാലിഗ കിരീടവും ബാലൺ ദ്യോറും ഗോൾ വേട്ടയിലെ റെക്കോഡും എല്ലാം ഓർമയിലേക്ക് മറയുന്ന പോലെ.... റയല്‍ മാഡ്രിഡ് വിട്ട് ഇറ്റലിയിലേക്ക് പോകുമ്പോൾ വർത്തമാന കാല ഫുട്‌ബോളിനെ ഫുട്‌ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലക്ഷ്യം ചാമ്പ്യൻസ് ലീഗ് കിരീടവും ബാലൺ ദ്യോറും പിന്നെ കൂടുതല്‍ സ്വാതന്ത്ര്യവും അതിനേക്കാളേറെ പണവും മാത്രമായിരുന്നു....
യുവന്‍റസിനും ലക്ഷ്യങ്ങളുണ്ടായിരുന്നു
സൂപ്പർ താര പദവിയില്‍ ജ്വലിച്ചു നിന്ന ക്രിസ്റ്റ്യാനോയെ കൊണ്ടു വരുമ്പോൾ ഇറ്റാലിയൻ വമ്പൻമാരായ യുവന്‍റസിനും ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. ചുണ്ടിനും കപ്പിനും ഇടയില്‍ പലതവണ കിട്ടാക്കനിയായ ചാമ്പ്യൻസ് ലീഗ് കിരീടം. റോണോയുടെ ചിറകിലേറി ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കാൻ യുവന്‍റസും തങ്ങളാല്‍ കഴിയാവുന്ന ശ്രമങ്ങൾ നടത്തി. പക്ഷേ ഒന്നും നടന്നില്ലെന്ന് മാത്രം. ഇറ്റാലിയൻ ലീഗായ സിരി എ കിരീടം ഒൻപത് തവണ തുടർച്ചയായി സ്വന്തമാക്കി റെക്കോഡ് സ്വന്തമാക്കിയെന്ന ആശ്വാസം മാത്രമാണ് യുവന്‍റസിന് കിട്ടിയത്. അതിനൊപ്പം എല്ലാ വർഷവും ചാമ്പ്യൻസ് ലീഗിന് യോഗ്യതയും നേടുമായിരുന്നു. ഇത്തവണ പക്ഷേ കാര്യങ്ങൾ കൈവിടുകയാണ്. സിരി എയില്‍ മൂന്ന് മത്സരങ്ങൾ ശേഷിക്കെ ആദ്യ നാലില്‍ ഇടം നേടാൻ യുവന്‍റസിന് കഴിഞ്ഞിട്ടില്ല. ആദ്യ നാലില്‍ ഇടം നേടി ചാമ്പ്യൻസ് ലീഗില്‍ യോഗ്യത ലഭിച്ചില്ലെങ്കില്‍ യൂറോപ്പ ലീഗില്‍ മത്സരിക്കാം എന്നത് മാത്രമാണ് മുൻ ഇറ്റാലിയൻ വമ്പൻമാരായ യുവന്‍റസിന് മുന്നിലുള്ള ഏക വഴി. ചാമ്പ്യൻസ് ലീഗ് കളിക്കാനായില്ലെങ്കില്‍ വൻ സാമ്പത്തിക നഷ്‌ടവും ഇറ്റാലിയൻ ക്ലബിനെ കാത്തിരിക്കുന്നുണ്ട്. കൊവിഡ് പ്രതിസന്ധി രൂക്ഷമായപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു ക്ലബ്. അതിനിടെ ചാമ്പ്യൻസ് ലീഗ് കൂടി നഷ്ടമാകുന്നത് യുവന്‍റസിനെ വലിയ പ്രതിസന്ധിയിലാക്കുമെന്നുറപ്പാണ്.
മാന്ത്രികൻ വന്നു, പക്ഷേ മായാജാലം വന്നില്ല
ഇറ്റാലിയൻ ദേശീയ ടീമിലും യുവന്‍റസിലും കളിച്ചിരുന്ന കാലത്ത് ലോകത്തെ ഏറ്റവും മികച്ച മധ്യനിര താരങ്ങളില്‍ ഒരാളായിരുന്നു ആന്ദ്രെ പിർലോ... നീളൻമുടിയും കുറിയ ശരീരവും മികച്ച പാസുകളും ഗോളിലേക്ക് അളന്നു മുറിച്ച ക്രോസുകളും മനോഹര ഫ്രീക്കിക്കുകളുമായി മൈതാനം ഭരിച്ചിരുന്ന പിർലോ ശരിക്കും ഒരു മാന്ത്രികനായിരുന്നു. ബുദ്ധി കൊണ്ട് കളി മെനഞ്ഞ് കാല്‍പന്തിനെ സ്വന്തം വരുതിയില്‍ നിർത്തി സ്വന്തം ടീമിന്‍റെ വിജയം നെയ്‌തെടുത്തിരുന്ന മാന്ത്രികൻ. പിർലോ യുവന്‍റസിന്‍റെ പരിശീലകനായി വരുമ്പോൾ ഇറ്റാലിയൻ ഫുട്‌ബോളും ലോകമെമ്പാടുമുള്ള യുവന്‍റസ് ആരാധകരും ഒരു പാട് പ്രതീക്ഷിച്ചു. പിർലോയും ക്രിസ്റ്റ്യാനോയും ചേർന്ന് നേടുന്ന ചാമ്പ്യൻസ് ലീഗിനെ കുറിച്ചായിരുന്നു അവരുടെ സ്വപ്‌നങ്ങൾ, പക്ഷേ ഒന്നും സംഭവിച്ചില്ല. യുവന്‍റസ് പഴയതിനേക്കാൾ മോശം അവസ്ഥയിലായി. പിർലോയെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കാനാണ് യുവന്‍റസ് മാനേജമെന്‍റ് ഇപ്പോൾ ആലോചിക്കുന്നത്. പകരം നിലവില്‍ റയലിന്‍റെ മുഖ്യപരിശീലകനായ ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ, മാസിമിലിയാനോ അല്ലെഗ്രി, ജിയാൻ പിയേറോ ഗാസ്‌പെറിനി എന്നിവരുടെ പേരുകൾക്കാണ് മുൻഗണന. പക്ഷേ ഈ സീസൺ അവസാനിക്കുന്നത് വരെ പിർലോ യുവന്‍റസിലുണ്ടാകുമെന്നാണ് യുവെ വൈസ് പ്രസിഡന്‍റ് കഴിഞ്ഞ ദിവസം പറഞ്ഞത്.
പ്രായം 36, ഇനിയും റോണോ റെഡി
അടങ്ങാത്ത ഗോൾ ദാഹമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിജയ രഹസ്യം. സൂപ്പർ താരപദവിയില്‍ നില്‍ക്കുമ്പോഴും കൃത്യമായ പരിശീലനവും അത് കളിക്കളത്തില്‍ പ്രകടിപ്പിക്കാനുള്ള ആവേശവും ക്രിസ്റ്റ്യാനോയെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. പ്രായം 36 കടന്നെങ്കിലും ഇറ്റാലിയൻ ലീഗില്‍ ഈ സീസണിലും ഗോൾ വേട്ടയില്‍ ക്രിസ്റ്റ്യാനോ തന്നെയാണ് മുന്നില്‍. പക്ഷേ ചാമ്പ്യൻസ് ലീഗില്‍ കളിക്കാനാകില്ല എന്നത് പോർച്ചുഗീസ് സൂപ്പർതാരത്തെ സംബന്ധിച്ച് ചിന്തിക്കാനാകില്ല. ഇനിയും യുവന്‍റസിനൊപ്പം നിന്നാല്‍ ബാലൺ ദ്യോർ, ചാമ്പ്യൻസ് ലീഗ് അടക്കമുള്ള കാര്യങ്ങളില്‍ തന്‍റെ പേരും പെരുമയും നഷ്ടമാകുമെന്ന ചിന്തയിലാണ് ക്രിസ്റ്റ്യാനോ എന്നാണ് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങൾ പുറത്തുവിടുന്ന വിവരം. അങ്ങനെ സംഭവിച്ചാല്‍ ഇറ്റലി വിട്ട് മറ്റ് സൂപ്പർ ക്ലബുകളിലേക്ക് താരം കൂടുമാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരും പോർച്ചുഗീസ് താരത്തിന്‍റെ മുൻ ക്ലബുമായ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോല്‍ഷ്യർ നേരത്തെ ക്രിസ്റ്റ്യാനോയെ ഇംഗ്ലണ്ടിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നു. മാഞ്ചസ്റ്റർ മാത്രമല്ല, ഫ്രഞ്ച് വമ്പൻമാരായ പാരിസ് സെയിന്‍റ് ജെർമനും ക്രിസ്റ്റ്യാനോയെ ടീമിലെത്തിക്കാൻ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ബ്രസീല്‍ സൂപ്പർ താരം നെയ്‌മർ, ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പെ എന്നിവർക്കൊപ്പം ക്രിസ്റ്റ്യാനോ കൂടി ഫ്രാൻസില്‍ പന്തു തട്ടും. ഇനി അത്തരം ചർച്ചകൾക്കെല്ലാം ചൂടുപിടിക്കുമെന്നുറപ്പാണ്.
തലവേദനയായി സൂപ്പർ ലീഗ് മോഹവും
ലോകത്തെ മികച്ച ഫുട്‌ബോൾ ക്ലബുകളെ കൂട്ടുപിടിച്ച് ചാമ്പ്യൻസ് ലീഗിന് ബദലായി സൂപ്പർ ലീഗ് എന്ന ഫുട്‌ബോൾ ലീഗ് സംഘടിപ്പിക്കാനുള്ള ശ്രമത്തില്‍ മുന്നിലുണ്ടായിരുന്നത് യുവന്‍റസാണ്. ഒടുവില്‍ പിൻമാറേണ്ടി വന്നെങ്കിലും സൂപ്പർ ലീഗ് എന്ന ആശയം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഇനിയും അത്തരമൊരു ആശയവുമായി യുവന്‍റസ് മുന്നോട്ടുവന്നാല്‍ ഇറ്റാലിയൻ ലീഗായ സിരി എയില്‍ നിന്നടക്കം യുവന്‍റസിനെ വിലക്കാനുള്ള ആലോചനകൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ.