റോം: ഇറ്റാലിയന്ലീഗായ സീരി എയില്‍ 1600 ജയങ്ങൾ സ്വന്തമാക്കി യുവന്റസ്. ഇന്നലെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഫിയന്റീനയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് യുവന്റസ് പരാജയപ്പെടുത്തി.
സീരി എയില്‍ 1600 ജയങ്ങളുമായി യുവന്റസ്
മത്സരത്തില്‍ ഇരട്ട ഗോൾ നേടിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിനായി 50 ഗോളുകൾ തികച്ചു
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിന്റെ മികവിലാണ് യുവന്റസിന്റെ വിജയം. പെനാല്‍ട്ടിയിലൂടെയാണ് ക്രിസ്റ്റ്യാനൊ രണ്ട് ഗോളും സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ 40-ാം മിനിട്ടിലും രണ്ടാം പകുതിയില്‍ 80-ാം മിനിട്ടിലുമാണ് താരം ഗോൾ നേടിയത്. ഇഞ്ച്വറി ടൈമില്‍ മത്തിയാസ് ഡി ലിറ്റാണ് യുവന്റസിനായി മൂന്നാമത്തെ ഗോൾ സ്വന്തമാക്കിയത്.
ജയത്തോടെ ക്ലബിനായി 50 ഗോൾ നേട്ടം സ്വന്തമാക്കാനും പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോക്കായി. 70 മത്സരങ്ങളില്‍ നിന്നാണ് പോർച്ചുഗീസ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 2018-ലാണ് താരം ക്ലബില്‍ എത്തുന്നത്. ഈ സീസണില്‍ 33 ഗോളുകളാണ് താരം സ്വന്തമാക്കിയത്. നിലവില്‍ പൊയിന്റ് പട്ടികയില്‍ 54 പൊയിന്റുമായി യുവന്റസ് ഒന്നാമതാണ്. ഫെബ്രുവരി ഒമ്പതിന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ യുവന്റസ് വെറോണയെ നേരിടും.