മാഞ്ചസ്റ്റര്‍: ചാമ്പ്യന്‍സ് ലീഗിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്നും യൂറോപ്യന്‍ ലീഗുകളിലെ ചാമ്പ്യന്‍മാരായ യുവന്‍റസും റയല്‍ മാഡ്രിഡും പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ റയലിനെ പരാജപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റിയും യുവന്‍റസിനെ പരാജയപ്പെടുത്തി ഫ്രഞ്ച് ലീഗിലെ കരുത്തരായ ലിയോണും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ഹോം ഗ്രൗണ്ടില്‍ നടന്ന രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയലിനെ പരാജയപ്പെടുത്തി. റയലിനെതിരെ റഹീം സ്റ്റെര്‍ലിങ്, ഗബ്രിയേല്‍ ജീസസ് എന്നിവരാണ് സിറ്റിയുടെ ഗോളുകള്‍ നേടിയത്. കരീം ബെന്‍സേമയുടെ വകയായിരുന്നു റയലിന്റെ ആശ്വാസഗോള്‍. ഇരുപാദങ്ങളിലുമായി സിറ്റി രണ്ടിനെതിരെ നാല് ഗോളുകളുടെ ജയമാണ് സ്വന്തമാക്കിയത്. രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ നായകന്‍ സെര്‍ജിയോ റാമോസ് കളിക്കാതിരുന്നത് റയലിന് തിരിച്ചടിയായി. പ്രതിരോധത്തില്‍ റാഫേല്‍ വരാനെ വരുത്തിയ പിഴവുകളാണ് റയലിന് തിരിച്ചടിയായത്.
ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ലിയോണിനെതിരെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുെട ഒറ്റയാള്‍ പോരാട്ടം യുവന്‍റസിന്‍റെ രക്ഷക്കെത്തിയില്ല. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് യുവന്‍റസ് ജയിച്ചെങ്കിലും ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ അതുമാത്രം മതിയായിരുന്നില്ല. ഇരു പാദങ്ങളിലുമായി രണ്ട് ഗോളുകള്‍ വീതം അടിച്ച് സമനിലയില്‍ പിരഞ്ഞപ്പോള്‍ എവേ ഗോളിന്‍റെ കരുത്തില്‍ ലിയോണ്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
അലയന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ 12ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മെംഫിസ് ഡിപെ ലക്ഷ്യത്തിലെത്തിച്ചതോടെ ലിയോണ്‍ ലീഡ് നേടി. പിന്നാലെ ഇരട്ട ഗോള്‍ നേടിയ റൊണാള്‍ഡോ യുവന്‍റസിനെ മുന്നിലെത്തിച്ചെങ്കിലും ക്വാര്‍ട്ടര്‍ പ്രവേശത്തിന് അത് മാത്രം മതിയാകുമായിരുന്നില്ല. 43ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെയും 60ാം മിനിട്ടില്‍ ലോങ്ങ് റേഞ്ച് ഷോട്ടിലൂടെയുമായിരുന്നു റോണാള്‍ഡോയുടെ ഗോളുകള്‍. മൂന്നാം ഗോള്‍ നേടാനുള്ള ശ്രമങ്ങള്‍ ഫലം കാണാതായതോടെ യുവന്‍റസ് പുറത്തേക്ക് പോവുകയായിരുന്നു.
ഓഗസ്റ്റ് 16ന് പോര്‍ച്ചുഗലിലെ ലിസ്‌ബണില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ലിയോണും നേര്‍ക്കുനേര്‍ വരും. കൊവിഡ് 19 പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരം നടക്കുക.