ലിസ്‌ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാർട്ടർ, സെമി പോരാട്ടങ്ങൾക്ക് പോര്‍ച്ചുഗലിന്‍റെ തലസ്ഥാനമായ ലിസ്‌ബണില്‍ തുടക്കമാകും. 12 ദിവസങ്ങളിലായി രണ്ട് വേദികളിലായാണ് മത്സരങ്ങൾ ലിസ്‌ബണില്‍ അരങ്ങേറുക.
യുവേഫ ചാമ്പ്യൻസ് ലീഗ്: ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കം - psg news
ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്‌ജിയും ഇറ്റാലിന്‍ സീരി എയിലെ അറ്റ്‌ലാന്‍റയും തമ്മിലാണ് ആദ്യ ക്വാര്‍ട്ടര്‍ പോരാട്ടം. വമ്പന്‍ താരനിരയുമായിറങ്ങുന്ന പിഎസ്‌ജിയെ അട്ടിമറിക്കാന്‍ അറ്റ്ലാന്‍റ അത്‌ഭുതങ്ങള്‍ കാണിക്കേണ്ടി വരും.
വ്യാഴാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 12.30ന് ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്‌ജി ആദ്യ മത്സരത്തില്‍ ഇറ്റാലിയന്‍ സീരി എയിലെ അറ്റ്ലാന്‍റയെ നേരിടും. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മറാണ് പിഎസ്‌ജിയുടെ തുറുപ്പ് ചീട്ട്. ഫ്രഞ്ച് മധ്യനിര താരം കിലിയന്‍ എംബാപ്പെയ്ക്ക് പരിക്കേറ്റത് പിഎസ്‌ജിക്ക് ക്ഷീണമുണ്ടാക്കും. സീസണില്‍ 34 മത്സരങ്ങളില്‍ നിന്നായി 34 ഗോളുകളാണ് എംബാപ്പെയുടെ പേരിലുള്ളത്. ഫ്രഞ്ച് കപ്പിന്‍റെ ഫൈനലില്‍ കാലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് എംബാപ്പെ മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ടീമിന് പ്രചോദനം നല്‍കുന്നതിന്‍റെ ഭാഗമായി എംബാപ്പെ ടീമിന്‍റെ ഭാഗമായി പോര്‍ച്ചുഗലില്‍ എത്തിയിട്ടുണ്ട്. അതേസമയം ഇറ്റലിയില്‍ നിന്നുള്ള അറ്റ്‌ലാന്‍റയ്ക്ക് പിഎസ്‌ജിയെ തളയ്ക്കാൻ അത്ഭുതങ്ങൾ സൃഷ്ടിക്കേണ്ടി വരും.
ഓഗസ്റ്റ് 14 മുതല്‍ 17 വരെയാണ് ശേഷിക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ നടക്കുക. സെമി ഫൈനല്‍സ് 19നും 20നും കലാശപ്പോര് 24നും നടക്കും. കൊവിഡ് 19 പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് നടുവിലാണ് മത്സരങ്ങള്‍ അരങ്ങേറുക. മത്സരങ്ങള്‍ക്ക് മുന്നോടിയായി എട്ട് ടീമുകളും പോര്‍ച്ചുഗലില്‍ എത്തിക്കഴിഞ്ഞു.