റോം: ടോട്ടന്‍ഹാം ഹോട്‌സ്പറിന്‍റെ മുന്‍ പരിശീലകന്‍ ഹോസെ മൗറീന്യോയെ പുതിയ പരിശീലകനായി നിയമിച്ചതായി അസോസിയാസിയോൺ സ്‌പോർടിവ റോമ (എ.എസ് റോമ) അറിയിച്ചു. 2021-22 സീസണിന്‍റെ തുടക്കം മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് ഇറ്റാലിയന്‍ ക്ലബ്ബുമായി മൗറീന്യോ കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ഈ സീസണിന്‍റെ അവസാനത്തോടെ ക്ലബ്ബ് വിടുന്ന പൗലോ ഫോൺസെക്കയ്ക്ക് പകരമാണ് മൗറീന്യോയെ ക്ലബ്ബ് നിയമിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
റോമ ആരാധകരുടെ അവിശ്വസനീയമായ അഭിനിവേശം പുതിയ ജോലി സ്വീകരിക്കാൻ തന്നെ പ്രേരിപ്പിച്ചതായി മൗറീന്യോ പ്രതികരിച്ചു. ക്ലബ്ബ് അധികൃതരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, എ.എസ് റോമയെക്കുറിച്ചുള്ള അവരുടെ ആഗ്രഹങ്ങളുടെ വ്യാപ്തി എനിക്ക് മനസിലായി, ഇത്തരം ആഗ്രങ്ങളാണ് എന്നെ എപ്പോഴും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നത്.
വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഒരുമിച്ച് മികച്ച വിജയങ്ങള്‍ നേടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. റോമ ആരാധകരുടെ അവിശ്വസനീയമായ അഭിനിവേശം ഈ ജോലി സ്വീകരിക്കാൻ എന്നെ വല്ലാതെ പ്രേരിപ്പിക്കുന്നു. അടുത്ത സീസൺ ആരംഭിക്കുന്നത് വരെ എനിക്ക് കാത്തിരിക്കാനാവില്ല'- ഹോസെ മൗറീന്യോ പ്രതികരിച്ചു.