ബേണ്‍ലി:ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ബേണ്‍ലിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്‌റ്റർ സിറ്റി തോല്‍പിച്ചു. ഇതോടെ ലസ്‌റ്റർ സിറ്റിയെ പിന്തള്ളി ലീഗിലെ പോയന്‍റ് പട്ടികയില്‍ 32 പോയന്‍റുമായി സിറ്റി രണ്ടാം സ്ഥാനത്തെത്തി. പട്ടികയിൽ മുന്നിലുള്ള ലിവർപൂളുമായുള്ള പോയിന്‍റ് വ്യത്യാസം ജയത്തോടെ എട്ടാക്കി കുറക്കാനും സിറ്റിക്കായി. 40 പോയിന്‍റുമായി തലപ്പത്താണ് ലിവര്‍പൂള്‍.
ബേണ്‍ലിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ സിറ്റിയുടെ മുന്നേറ്റ താരം ഗബ്രിയേൽ ജെസൂസ് ഇരട്ടഗോൾ നേടി. ഡേവിഡ സില്‍വ ബോക്സിന് മുന്നില്‍ വെച്ച് നല്‍കിയ പാസ് 24-ാം മിനുട്ടില്‍ മനോഹരമായ ഷോട്ടിലൂടെ ജെസൂസ് വലയിലെത്തിച്ചു. രണ്ടാം പകുതിയില്‍ 50-ാം മിനുട്ടിലായിരുന്നു ജെസൂസിന്‍റെ രണ്ടാമത്തെ ഗോൾ.
68-ാം മിനുട്ടില്‍ റോഡ്രി ഫെർണാണ്ടസും നിശ്ചിത സമയത്തിന് മൂന്ന് മിനുട്ട് അരികെ റിയാദ് മെഹ്രിയും ഗോൾ നേടി. മെഹ്രിയുടെ പ്രീമിയർ ലീഗിലെ അമ്പതാമത്തെ ഗോളാണ് ബേണ്‍ലിക്ക് എതിരെ പിറന്നത്. ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ അൾജീരിയക്കാരന്‍ കൂടയാണ് മെഹ്രി. 89-ാം മിനിറ്റില്‍ റോബര്‍ട്ട് ബ്രാഡിയിലൂടെ ബേണ്‍ലി ആശ്വാസ ഗോള്‍ കണ്ടെത്തി.
മറ്റൊരു മത്സരത്തില്‍ ക്രിസ്‌റ്റല്‍ പാലസ് ബോണ്‍ മൗത്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചു. ജഫ്രി സ്ച്ചലപ്പാണ് ക്രിസ്‌റ്റല്‍ പാലസിനായി ഗോൾ നേടിയത്.
ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- ടോട്ടനം പോരാട്ടം നടക്കും. മൗറിന്യോ കോച്ചായി ചുമതലയേറ്റ ശേഷം ടോട്ടനം ഇതേവരെ ലീഗില്‍ തോല്‍വി അറിഞ്ഞിട്ടില്ല. മറ്റ് മത്സരങ്ങളില്‍ ലിവര്‍പൂള്‍ എവര്‍ട്ടനെയും ചെൽസി ആസ്റ്റണ്‍ വില്ലയെയും ഇന്ന് നേരിടും.