പോർട്ടോ അലെഗ്ര: കോപ്പ അമേരിക്കയില്‍ കരുത്തന്മാരായ ഉറുഗ്വേയെ സമനിലയില്‍ തളച്ച് അതിഥി ടീമായ ജപ്പാൻ. ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി. കോപ്പയിലെ ജപ്പാന്‍റെ ആദ്യ പോയിന്‍റാണിത്.
ഉറുഗ്വേയെ സമനിലയില്‍ കുരുക്കി ജപ്പാൻ - ഉറുഗ്വേ
കോപ്പ അമേരിക്കയില്‍ കരുത്തരായ ഉറുഗ്വേയെ വിറപ്പിച്ച് ജപ്പാൻ. ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി
![ഉറുഗ്വേയെ സമനിലയില്‍ കുരുക്കി ജപ്പാൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3620061-590-3620061-1561091573127.jpg)
രണ്ട് തവണ മുന്നിലെത്തിയ മത്സരത്തിലാണ് ജപ്പാൻ സമനില പിടിച്ചത്. കളിയുടെ 25ാം മിനിറ്റില്‍ തന്നെ മിയോഷി നേടിയ ഗോളില്‍ ഉറുഗ്വേയെ ഞെട്ടിച്ച് ജപ്പാൻ മുന്നിലെത്തി. ഏഴ് മിനിറ്റുകൾക്ക് ശേഷം സുവാരസിലൂടെ ഉറുഗ്വേ സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി. രണ്ടാം പകുതിയില്‍ മിയോഷിയുടെ രണ്ടാം ഗോളിലൂടെ ജപ്പാൻ വീണ്ടും മുന്നിലെത്തി. എന്നാല്‍ ജപ്പാന്‍റെ ലീഡിന് ഏഴ് മിനിറ്റ് മാത്രമാണ് നിലനിന്നത്. 65ാം മിനിറ്റില്‍ ജോസ് ഗിമൻസ് നേടിയ ഗോളിലൂടെ ഉറുഗ്വേ വീണ്ടും സമനില പിടിച്ചു. പിന്നീട് ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും ഇരുടീമുകളും സമനില കൈവിടാതെ മത്സരം പൂർത്തിയാക്കി.
നേരത്തെ ചിലിക്കെതിരായ മത്സരത്തില്‍ ജപ്പാൻ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. ഇന്ന് വഴങ്ങിയ സമനിലയിലൂടെ ജപ്പാൻ കോപ്പ അമേരിക്കയിലെ ആദ്യ പോയിന്‍റ് സ്വന്തമാക്കി. രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്‍റുള്ള ഉറുഗ്വേയാണ് പോയിന്‍റ് പട്ടികയില്‍ മുന്നില്‍. മൂന്ന് പോയിന്‍റുമായി ചിലി മൂന്നാം സ്ഥാനത്തും പോയിന്‍റ് ഒന്നും നേടാത്ത ഇക്വഡോർ നാലാം സ്ഥാനത്തുമാണ്.