ജംഷഡ്‌പൂര്‍:മലയാളി ഗോള്‍കീപ്പര്‍ ടിപി രഹ്‌നേഷ് ഐഎസ്എല്‍ ക്ലബ്ബായ ജംഷഡ്‌പൂര്‍ എഫ്‌സിയില്‍ തുടരും. 28കാരനായ താരവുമായി മൂന്ന് വര്‍ഷത്തേക്ക് കൂടിയാണ് ക്ലബ് കരാര്‍ ദീര്‍ഘിപ്പിച്ചത്. ഇതോടെ 2024 മെയ് വരെ രഹ്‌നേഷ് ജംഷഡ്‌പൂരിനൊപ്പമുണ്ടാവും.
ക്ലബിനൊപ്പം തുടരാനാവുന്നതില്‍ സന്തോഷമുണ്ടെന്ന് രഹ്‌നേഷ് പറഞ്ഞു. ജംഷഡ്‌പൂരിനൊപ്പമുള്ള കഴിഞ്ഞ സീസണ്‍ മികച്ചതായിരുന്നു. പരിശീലകരില്‍ നിന്നും സഹതാരങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ആരാധകരുടെ സ്‌നേഹം പ്രകടനം മെച്ചപ്പെടുത്താനും കൂടുതല്‍ മത്സരങ്ങള്‍ ജയിക്കാനും പ്രചോദനമാണ്. ക്ലബിനായി കിരീടങ്ങള്‍ നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രഹ്‌നേഷ് കൂട്ടിച്ചേര്‍ത്തു.