ലണ്ടൻ: യൂറോ കപ്പ് സെമി പോരാട്ടത്തിൽ കരുത്തരായ സ്പെയിനിനെ പെനാലിറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ഇറ്റലി ഫൈനലിൽ പ്രവേശിച്ചു. പെനാലിറ്റി ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനാണ് അസൂറിപ്പടയുടെ വിജയം. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയി ഡോണറുമ്മയുടെ കരുത്തിലാണ് ഇറ്റലി ഫൈനലിലേക്ക് പ്രവേശനം നേടിയത്.
നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. നിശ്ചിത സമയത്ത് ഇറ്റലിക്കായി ഫെഡറിക്കോ കിയേസയും, സ്‌പെയിനിനായി ആല്‍വാരോ മൊറാട്ടയുമാണ് ഗോള്‍ നേടിയത്.
ഗോളുകൾ ആദ്യ പകുതിക്ക് ശേഷം
ഇറ്റലി ഒന്നും സ്‌പെയിന്‍ മൂന്നും വീതം മാറ്റങ്ങൾ വരുത്തിയാണ് സെമി ഫൈനലില്‍ കളിക്കാനിറങ്ങിയത്. മത്സരത്തിന്‍റെ തുടക്കം മുതൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. പക്ഷേ ആദ്യ പകുതിക്ക് ശേഷമാണ് ഇരു ടീമുകൾക്കും ഗോളുകൾ നേടാനായത്.
60-ാം മിനിട്ടിലാണ് സ്‌പെയിനിനെ ഞെട്ടിച്ചുകൊണ്ട് മികച്ചൊരു കൗണ്ടര്‍ അറ്റാക്കിലൂടെ ഫെഡറിക്കോ കിയേസ ഇറ്റലിക്കായി ഗോള്‍വല ചലിപ്പിച്ചത്. ഗോള്‍വീണതോടെ സമനില നേടാനായി സ്‌പെയിന്‍ ആക്രമണങ്ങള്‍ക്ക് വേഗം കൂട്ടിയെങ്കിലും 80-ാം മിനിട്ടിലാണ് മറുപടി ഗോൾ നേടാൻ സാധിച്ചത്.
READ MORE : തേരോട്ടം തുടരാന്‍ അസൂറിപ്പട ; കപ്പടിച്ച് റെക്കോഡിടാന്‍ സ്‌പാനിഷ് നിര
വിജയം ഉറപ്പിച്ച് മുന്നേറിക്കൊണ്ടിരുന്ന ഇറ്റാലിയെ ഞെട്ടിച്ചുകൊണ്ട് പകരക്കാരനായി വന്ന സൂപ്പര്‍ താരം ആല്‍വാരോ മൊറാട്ടയാണ് സ്പെയിനിനായി സമനില ഗോള്‍ നേടിയത്. ബോക്‌സിനുള്ളിലേക്ക് പന്തുമായി കയറിയ മൊറാട്ട ഗോള്‍കീപ്പര്‍ ഡോണറുമ്മയെ അനായാസം കബിളിപ്പിച്ച് മനോഹരമായൊരു ഗോള്‍ നേടുകയായിരുന്നു.
ഷൂട്ടൗട്ടിൽ പതറി സ്പെയിൻ
നിശ്ചിത സമയത്തും 1-1 എന്ന സ്‌കോറില്‍ ഇറ്റലിയും സ്‌പെയിനും കളിയവസാനിപ്പിച്ചതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്. എക്‌സ്ട്രാ ടൈമിൽ 108-ാം മിനിട്ടില്‍ ഇറ്റലിയുടെ ബെറാര്‍ഡി സ്‌പെയിന്‍ വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു.
എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും സമനിലയിൽ ആയതിനെത്തുടർന്ന് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. പെനാല്‍ട്ടി ഷൂട്ടൗട്ടിൽ ഇറ്റലിയ്ക്കായി ആന്‍ഡ്രിയ ബെലോട്ടി, ലിയോണാര്‍ഡോ ബൊനൂച്ചി, ഫെഡറിക്കോ ബെര്‍ണാര്‍ഡ്‌സ്‌കി, ജോര്‍ജീന്യോ എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ സ്‌പെയിനിനായി ജെറാര്‍ഡ് മൊറേനോ, തിയാഗോ അലകാന്‍ടാറ എന്നിവര്‍ക്ക് മാത്രമേ ലക്ഷ്യം കാണാനായുള്ളൂ.
തോൽവി അറിയാതെ ഇറ്റലി
ഫൈനലില്‍ ഇംഗ്ലണ്ട്-ഡെന്മാര്‍ക്ക് സെമി ഫൈനല്‍ മത്സരത്തിലെ വിജയിയെയാണ് ഇറ്റലി നേരിടുക. ഈ വിജയത്തോടെ തുടര്‍ച്ചയായ 33 മത്സരങ്ങളിൽ തോല്‍വിയറിയാതെ മുന്നേറാന്‍ ഇറ്റലിയ്ക്ക് സാധിച്ചു. ഇത്തവണ യൂറോ കപ്പില്‍ ഒറ്റ മത്സരത്തില്‍ പോലും തോറ്റിട്ടില്ലാത്ത അസൂറികൾക്ക് 1968 ന് ശേഷം യൂറോ കിരീടം നേടിയെടുക്കാന്‍ ഇനി ഒരു വിജയം മാത്രം മതി.