മിലാന്‍:കൊവിഡ് പിടിച്ചുലച്ച ഇറ്റലിയിലെ പ്രമുഖ ഫുട്‌ബോൾ ലീഗായ സീരി എ മത്സരങ്ങൾ ഓഗസ്റ്റ് ഒമ്പത് വരെ നീട്ടി. ഇറ്റാലിയന്‍ ഫുട്‌ബോൾ ഫെഡറേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ലീഗ് നീട്ടിവെക്കുന്ന കാര്യത്തിലെ അന്തിമ വിജ്ഞാപനം സർക്കാരന്‍റെ ഭാഗത്ത് നിന്നാണ് ഉണ്ടാകേണ്ടത്. നേരത്തെ ജൂണ്‍ 30-നാണ് ലീഗില്‍ ഈ സീസണിലെ മത്സരങ്ങൾ അവസാനിക്കേണ്ടിയിരുന്നത്.
ഇറ്റാലിയന്‍ സീരി എ ഓഗസ്റ്റ് ഒമ്പത് വരെ നീട്ടി
കൊവിഡിനെ തുടർന്ന് ഇറ്റലിയില്‍ മാർച്ച് ഒമ്പതിന് ശേഷം ഒരു കായിക മത്സരവും നടന്നിട്ടില്ല
കൊവിഡിനെ തുടർന്ന് മാർച്ച് ഒമ്പതിന് ശേഷം രാജ്യത്ത് ഒരു കായിക മത്സരവും നടന്നിട്ടില്ല. വൈറസ് ബാധിച്ച് രാജ്യത്ത് ഇതിനകം 25,000 പേർ മരണമടഞ്ഞു. കൊവിഡിനെ പ്രതിരോധിച്ച് ഫുട്‌ബോൾ മത്സരങ്ങൾ പുനരാരംഭിക്കാനുള്ള തിരക്കിട്ട ശ്രമങ്ങളാണ് ഇറ്റാലിയന്‍ സീരി എയുമായി ബന്ധപ്പെട്ട് നടന്നുവരുന്നത്. ഈ സീസണിലെ മത്സരങ്ങൾ പൂർത്തിയാക്കണമെന്ന് ലീഗിന്‍റെ ഭാഗമായ 20 ക്ലബുകളുടെയും പ്രതിനിധികൾ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അവസാന തീരുമാനം വരേണ്ടത് ഇറ്റാലിയന്‍ സർക്കാരിന്‍റെ ഭാഗത്ത് നിന്നുമാണ്. ലീഗിന്‍റെ ഭാഗമായി ക്ലബുകൾ മെയ് നാല് മുതല്‍ പരിശീലനം പുനരാരംഭിക്കുമെന്ന പ്രതീക്ഷയും ഫെഡറേഷന്‍ പങ്കുവെച്ചു. തീരുമാനം യാഥാർഥ്യമായാല്‍ യൂറോപ്പില്‍ കൊവിഡിനെ തുടർന്ന് പുനരാരംഭിക്കുന്ന ആദ്യ ലീഗായി ഇറ്റാലിയന്‍ സീരി എ മാറും.