കേരളം

kerala

ETV Bharat / sports

ഒന്നാം സ്ഥാനത്തിനായി ഗോവയും ബെംഗളൂരുവും ഇന്ന് നേർക്കുന്നേർ - ഗോവ എഫ്സി

ഇരുടീമുകളും ഐഎസ്എല്‍ പ്ലേഓഫിലേക്ക് യോഗ്യത നേടി. അവസാന അഞ്ച് മത്സരങ്ങളിലെ പ്രകടനം ബെംഗളൂരുവിന് തിരിച്ചടിയായേക്കും.

ഗോവ എഫ്സി

By

Published : Feb 21, 2019, 3:05 PM IST

ഇന്ത്യൻ സൂപ്പർ ലീഗില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടം. ആദ്യ രണ്ട് സ്ഥാനക്കാരായ എഫ്.സി ഗോവയും ബെംഗളൂരു എഫ്സിയുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് കിക്കോഫ്.

ഐഎസ്എല്‍ ആറാം സീസണിന്‍റെ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയ ഇരുടീമുകളും ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിനായാണ് ഇന്ന് കളത്തില്‍ ഇറങ്ങുന്നത്. സീസണിന്‍റെ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് ഇരുടീമുകളും കാഴ്ചവച്ചത്. 35 ഗോൾ നേടിയ ഗോവ എഫ്സിയാണ് സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകൾ നേടിയ ടീം. രണ്ടാം സ്ഥാനത്തുള്ള ബെംഗളൂരു 25 ഗോളുകൾ നേടിയിട്ടുണ്ട്. സീസണിന്‍റെ ആദ്യ പകുതി വരെ തോല്‍വി എന്താണെന്ന് അറിയാത്ത പ്രകടനമാണ് ബെംഗളൂരു കാഴ്ചവച്ചത്. എന്നാല്‍ കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരെണ്ണത്തില്‍ മാത്രമാണ് അവർക്ക് ജയിക്കാനായത്. കേരള ബ്ലാസ്റ്റേഴ്സിനോട് സമനില വഴങ്ങിയ ബെംഗളൂരു മുംബൈ സിറ്റി, ചെന്നൈയിൻ എഫ്സി, ഡല്‍ഹി ഡൈനാമോസ് എന്നീ ടീമുകളോട് പരാജയപ്പെട്ടു.

ഈ സീസണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ജയം ബെംഗളൂരിനോടൊപ്പമായിരുന്നു. എന്നാല്‍ ജനുവരിക്ക് ശേഷം തകർപ്പൻ ഫോമിലുള്ള എഫ്.സി ഗോവയെ പ്രതിരോധിക്കുക ബെംഗളൂരുവിന് എളുപ്പമാകില്ല. മികച്ച ആക്രമണത്തോടൊപ്പം ഗോവയുടെ പ്രതിരോധവും കരുത്തേറിയതാണ്. ഇരുടീമുകളും 16 മത്സരങ്ങളില്‍ നിന്ന് 31 പോയിന്‍റുകൾ നേടിയിട്ടുണ്ട്. ഇന്ന് ജയിക്കുന്നവർക്ക് തങ്ങളുടെ ലീഡ് ഉയർത്തി ഒന്നാം സ്ഥാനം ഉറപ്പിക്കാനാകും.

ABOUT THE AUTHOR

...view details