വാസ്‌കോ: ടേബിള്‍ ടോപ്പറെന്ന സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ എടികെ മോഹന്‍ബഗാന്‍ ഇന്ന് ഹൈദരാബാദ് എഫ്‌സിയെ നേരിടും. മറുഭാഗത്ത് ജയിച്ച് കയറി പ്ലേ ഓഫ് സാധ്യത കൂടുതല്‍ സജീവമാക്കാനാകും ഹൈദരാബാദിന്‍റെ നീക്കം. ഇരു ടീമുകള്‍ക്കും മത്സരം നിര്‍ണായകമാകുമെന്നതിനാല്‍ പോരാട്ടം കനക്കും. ഗോവയിലെ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് പോരാട്ടം.
കഴിഞ്ഞ മത്സരത്തില്‍ ജയിച്ച ഇരു ടീമുകളും വര്‍ദ്ധിത വീര്യത്തോടെയാണ് ഇന്നത്തെ ഐഎസ്‌എല്ലിനെത്തുന്നത്. കൊല്‍ക്കത്ത ഡര്‍ബിയില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് എടികെ മോഹന്‍ബഗാന്‍ തിലക് മൈതാനത്തേക്ക് വരുന്നത്. മറുഭാഗത്ത് ഹൈദരാബാദ് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് കേരളാ ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയാണ് എടികെയെ നേരിടാന്‍ എത്തുന്നത്. തുടര്‍ച്ചയായ 10 മത്സരങ്ങളില്‍ സ്‌പാനിഷ് പരിശീലകന്‍ മനോലോയുടെ ശിഷ്യന്‍മാര്‍ പരാജയമറിഞ്ഞിട്ടില്ല. അരിഡാന സാന്‍റാനയുടെ നേതൃത്വത്തിലുള്ള മുന്നേറ്റ നിരയാണ് ഹൈദരാബിന്‍റെ ശക്തി.
എന്നാല്‍ കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ പരാജയമറിയാതെ മുന്നോട്ട് പോകുന്ന എടികെയെ നേരിടാന്‍ ഹൈദരാബാദിന് എല്ലാ ആയുധങ്ങളും പുറത്തെടുക്കേണ്ടിവരും. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയ ഫിജിയന്‍ മുന്നേറ്റ താരം റോയ് കൃഷ്‌ണയാണ് ഹൈദരാബാദിന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുക. 18 മത്സരങ്ങളില്‍ നിന്നും 14 ഗോളും നാല് അസിസ്റ്റുമാണ് റോയ് കൃഷ്‌ണയുടെ പേരിലുള്ളത്. സീസണിലെ ആദ്യപാദ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. അന്ന് ജാവോ വിക്‌ടറും റോയ് കൃഷ്‌ണയുമാണ് ഗോളടിച്ചത്.
ലീഗില്‍ ഇന്നലെ ചെന്നൈയിന്‍ എഫ്‌സി, കേരളാ ബ്ലാസ്റ്റേഴ്‌സ് മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. ഗാരി ഹൂപ്പറാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി സമനില ഗോള്‍ സ്വന്തമാക്കിയത്. പെനാല്‍ട്ടിയിലൂടെയായിരുന്നു ഹൂപ്പര്‍ പന്ത് വലയിലെത്തിച്ചത്. ചെന്നൈയിന് വേണ്ടി ഫഖുലോ ആദ്യ ഗോള്‍ സ്വന്തമാക്കി. ഇതിനകം പ്ലേ ഓഫില്‍ നിന്നും പുറത്തായ ബ്ലാസ്റ്റേഴ്‌സ് സീസണിലെ അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. മത്സരം ഈ മാസം 26ന് നടക്കും. ലീഗില്‍ ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ബംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി എഫ്‌സി ഗോവ പട്ടികയില്‍ മൂന്നാമതായി. ഇഗോള്‍ അംഗുലോ, റെഡീം തലാങ് എന്നിവര്‍ ഗോവക്കിയി ഗോളുകള്‍ സ്വന്തമാക്കി. ബംഗളൂരുവിനായി സുരേഷ് വാങ്‌ജാം ആശ്വാസ ഗോള്‍ സ്വന്തമാക്കി. മത്സരത്തില്‍ പരാജയപ്പെട്ട ബംഗളൂരു എഫ്‌സിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ പൂര്‍ണമായും അവസാനിച്ചു.