വാസ്‌കോ: റോയ് കൃഷ്‌ണയുടെ തകര്‍പ്പന്‍ ഗോളില്‍ എടികെ മോഹന്‍ബഗാന് തുടച്ചര്‍ച്ചയായ നാലാം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തിലും ജയം. ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരെ നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ അഞ്ച് മിനിട്ട് മാത്രം ശേഷിക്കെയാണ് റോയ് കൃഷ്‌ണ വല കുലുക്കിയത്. മധ്യനിരയില്‍ നിന്നും ഡേവിഡ് വില്യംസ് നീട്ടി നല്‍കിയ ലോങ് പാസുമായി മുന്നേറി. ജംഷഡ്‌പൂരിന്‍റെ രണ്ട് പ്രതിരോധ താരങ്ങളെയും മലയാളി ഗോളി ടി പി രഹനേഷിനെയും കബളിപ്പിച്ച് ഫിജിയന്‍ ഫോര്‍വേഡ് പന്ത് വലയിലെത്തിച്ചു. സീസണിലെ 13-ാം ഗോള്‍ സ്വന്തമാക്കിയ റോയ് കൃഷ്‌ണയെ കളിയിലെ താരമായും തെരഞ്ഞെടുത്തു.
എടികെ മൂന്ന് തവണയും ജംഷഡ്‌പൂര്‍ ഒരു തവണയും ലക്ഷ്യത്തിലേക്ക് ഷോട്ടുകള്‍ പായിച്ചെങ്കിലും പന്ത് വലയിലെത്തിക്കാനായത് റോയ് കൃഷ്‌ണക്ക് മാത്രമായിരുന്നു. കുറിക്കുകൊള്ളുന്ന പാസുകളുമായി ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. പോരാട്ട വീര്യത്തിന് ഒട്ടും കുറവില്ലാതിരുന്ന മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ഓരോ മഞ്ഞ കാര്‍ഡ് വീതം ലഭിച്ചു. എടികെക്ക് ഏഴ് കോര്‍ണര്‍ കിക്കുകള്‍ ലഭിച്ചപ്പോള്‍ ജംഷഡ്‌പൂര്‍ ഒരു കോര്‍ണര്‍ കിക്ക് കൊണ്ട് തൃപ്‌തിപ്പെട്ടു. വല കാത്ത അരിന്ദം ഭട്ടാചാര്യയുടെ സേവുകളാണ് സമനില കുരുക്കില്‍ നിന്നും എടികെയെ രക്ഷപ്പെടുത്തിയത്. രണ്ടാം പകുതിയില്‍ ജംഷഡ്‌പൂരിന്‍റെ ഗോളെന്നുറച്ച അവസരം ഭട്ടാചാര്യയുടെ സേവിലൂടെയാണ് എടികെ പ്രതിരോധിച്ചത്.