കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്. എടികെയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ ജയം. ഐഎസ്‌എല്‍ ചരിത്രത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെയുള്ള കേരളത്തിന്‍റെ തുടര്‍ച്ചയായ ആറാം ജയമാണിത്. ജയത്തോടെ പ്ലേ ഓഫ് സാധ്യത സജീവമാക്കിയ ബ്ലാസ്‌റ്റേഴസ് 12 കളികളില്‍ നിന്ന് 14 പോയിന്‍റുമായി പട്ടികയില്‍ ആറാം സ്ഥാനത്തെത്തി. 12 കളികളില്‍ നിന്ന് 21 പോയിന്‍റുള്ള കൊല്‍ക്കത്ത ലീഗില്‍ മൂന്നാമതാണ്. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ജയിച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്താമെന്ന എടികെയുടെ സ്വപ്‌നം കൂടിയാണ് മഞ്ഞപ്പട തകര്‍ത്തത്.
മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്‌ച വച്ചെങ്കിലും എഴുപതാം മിനുട്ടിലാണ് ബ്ലാസ്‌റ്റേഴ്‌സിന് ഗോള്‍ നേടാനായത്. കൊല്‍ക്കത്ത ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന പന്ത് ഹെഡ് ചെയ്യാനുള്ള ഹാലിചരണ്‍ നര്‍സാരിയുടെ ശ്രമം പരാജയപ്പെട്ടു. എന്നാല്‍ സമീപത്തുണ്ടായിരുന്ന എടികെ താരത്തിനും പന്ത് വരുതിയിലാക്കാന്‍ കഴിഞ്ഞില്ല. ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റ താരം മെസിയുടെ കാലില്‍ തട്ടി പന്ത് വീണ്ടും നര്‍സാരിയുടെ അടുത്തേക്ക്. ഇത്തവണ പിഴച്ചില്ല. ബുള്ളറ്റ് വേഗത്തില്‍ കൊല്‍ക്കത്ത വലയിലേക്കെത്തിയ നര്‍സാരിയുടെ ഷോട്ടിലേക്ക് കൊല്‍ക്കത്ത ഗോളി ചാടിയെത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ബ്ലാസ്‌റ്റേഴ്‌സിന് ലീഡ്.
ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടിയതോടെ കൊല്‍ക്കത്ത അസ്വസ്ഥരായി തുടര്‍ച്ചയായി മൂന്നേറ്റങ്ങള്‍ നടത്തിയെങ്കിലും എടികെയ്‌ക്ക് ഗോള്‍ മാത്രം നേടാനായില്ല. പതിവുപോലെ മൈതാനത്തില്‍ പുറത്ത് കൊല്‍ക്കത്ത പരിശീലകന്‍ അന്‍റോണിയോ ഹെബ്ബാസ് കലിപൂണ്ടു. ബഹളം അതിരുകടന്നതോടെ ഹെബ്ബാസിനെ റഫറി മൈതാനത്തുനിന്ന് പുറത്താക്കി.
അധികസമയത്തിന്‍റെ അവസാന മിനുട്ടില്‍ എടികെയ്‌ക്ക് ഫ്രീകിക്ക്. പെനാല്‍ട്ടി ബോക്‌സില്‍ നിന്ന് അധികം അകലെയല്ലാത്ത പോയിന്‍റില്‍ നിന്ന് കൊല്‍ക്കത്ത ഫ്രീകിക്ക് എടുക്കാനൊരുങ്ങിയപ്പോള്‍ പതിവുപോലെ ബ്ലാസ്‌റ്റേഴ്‌സ് പഠിക്കല്‍ കലമുടയ്‌ക്കുമോയെന്ന് ആരാധകര്‍ ഭയപ്പെട്ടു. എന്നാല്‍ മികച്ചതും കൗതുകമുള്ളതുമായ ഒരു നീക്കം ബ്ലാസ്‌റ്റേഴ്‌സ് ഒളിപ്പിച്ചുവച്ചിരുന്നു. കിക്കെടുക്കാന്‍ ഓടിയെത്തിയ കൊല്‍ക്കത്ത താരം പന്തിന് തൊട്ടടുത്തെത്തിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെല്ലാം തങ്ങളുടെ പെനാല്‍ട്ടി ബോക്‌സിന് പുറത്തേക്കോടി. അകത്ത് ഗോളി രഹ്‌നേഷ് മാത്രം. അപ്രതീക്ഷിത നീക്കത്തില്‍ കൊല്‍ക്കത്ത ഞെട്ടി. പറന്നുയര്‍ന്നെത്തിയ പന്ത് ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിനകത്ത് കൊല്‍ക്കത്ത താരം സ്വീകരിച്ചപ്പോള്‍ അദ്ദേഹമടക്കം ആറ് കൊല്‍ക്കത്ത താരങ്ങള്‍ ഓഫ് സൈഡ് കെണിയില്‍ കുടുങ്ങി. പിന്നാലെ ഫൈനല്‍ വിസില്‍ പുതുവര്‍ഷത്തില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം.
ആദ്യ കളിയിൽ എടികെയെ തോൽപ്പിച്ച ബ്ലാസ്റ്റേഴ്സ്, ഈ സീസണിലെ രണ്ടാം ജയമാണ് അവർക്കെതിരെ കുറിച്ചത്. ഈ മാസം 19ന് ജംഷഡ്പുരിനെതിരെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ അടുത്ത മത്സരം.