പ്ലേ ഓഫിന് മുമ്പുള്ള അവസാന മത്സരത്തില്‍ എഫ്.സി ഗോവയ്ക്ക് ജയം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് എഫ്.സി ഗോവ തോല്‍പ്പിച്ചത്.
ഗോവയുടെ ഹോം ഗ്രൗണ്ടായ ഫത്തോർഡ സ്റ്റേഡിയത്തില്‍ ജയം പ്രതീക്ഷിച്ചിറങ്ങിയ ചെന്നൈയിന് ഇന്നും നിരാശയായിരുന്നു ഫലം. ഈ സീസണില്‍ 18 മത്സരങ്ങൾ കളിച്ച ചെന്നൈയിൻ ഇന്ന് പതിമൂന്നാം തോല്‍വിയും ഏറ്റുവാങ്ങി. പരാജയത്തോടെ ഒമ്പത് പോയിന്‍റുമായി ലീഗിലെ അവസാന സ്ഥാനക്കാരായിയാണ് ചെന്നൈയിൻ എഫ്സി ഈ സീസൺ അവസാനിപ്പിച്ചത്.
മത്സരത്തിന്‍റെ 26ആം മിനിറ്റിലാണ് ഗോവ എഫ്സി വിജയഗോൾ നേടിയത്. ജാക്കിചാന്ദ് സിംഗിന്‍റെപാസില്‍ ഫെറന്‍ കൊറോണിമസ് ആണ് ഗോവയുടെ വിജയം നിശ്ചയിച്ച ഗോള്‍ കണ്ടെത്തിയത്. സെമി ഫൈനലിലേക്ക് കടന്ന ഗോവയ്ക്ക് ഈ മത്സരം നിർണായകം അല്ലാതിരുന്നിട്ട് കൂടി 16000ല്‍ അധികം കാണികൾ ഗോവയ്ക്ക് വേണ്ടി ആർത്ത് വിളിക്കാൻ സ്റ്റേഡിയത്തിലെത്തിയിരുന്നു.
ജയത്തോടെ ഗോവ പോയിന്‍റ് പട്ടികയില്‍ ബെംഗളൂരുവിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. 18 മത്സരങ്ങൾ വീതം കളിച്ച ഗോവയ്ക്കും ബെംഗളൂരുവിനും 34 പോയിന്‍റ് വീതമാണ് ഉള്ളതെങ്കിലും മികച്ച ഗോൾ ശരാശരിയില്‍ ഗോവ മുന്നിലെത്തുകയായിരുന്നു.