ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഒഡീഷ എഫ്‌സി, ഹൈദരബാദ് എഫ്‌സി പോരാട്ടം. ഉദ്‌ഘാടന മത്സരം നടന്ന ബംബോലിം സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. വലിയ മാറ്റങ്ങളോടെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്.
കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാരായ ഹൈദരാബാദിനൊപ്പം ഇത്തവണ ശക്തമായ താരനിരയുണ്ട്. സ്‌പാനിഷ് കരുത്താണ് ഹൈദരാബാദിന്‍റെ പ്രതീക്ഷ. സ്‌പാനിഷ് തന്ത്രങ്ങളുമായി മാനുവല്‍ മാര്‍ക്വേസ് റോക്കയാണ് പരിശീലകന്‍റെ സ്ഥാനത്ത്. പ്രതിരോധ താരം ഒഡെയ് ഒനൈന്‍ഡിയും മധ്യനിര താരം ലൂയിസ് സാസ്‌ത്രേയും മുന്നേറ്റ താരങ്ങളായ അഡ്രിയന്‍ സാന്‍റയും ഫ്രാന്‍സിസ്‌കോ സാന്‍ഡാസയും സ്‌പെയിനില്‍ നിന്നുള്ളവരാണ്.
ഒഡീഷയും ഒട്ടും മോശമല്ല. ടീമിന്‍റെ കെട്ടുറപ്പിന് പ്രാധാന്യം നല്‍കിയാണ് ഇംഗ്ലീഷ് പരിശീലകന്‍ സ്റ്റുവര്‍ട്ട് ബാക്സ്റ്റര്‍ ഒഡീഷയെ വാര്‍ത്തെടുത്തിരിക്കുന്നത്. ഹൈദരാബാദില്‍ നിന്ന് സ്വന്തമാക്കിയ മാര്‍സലീഞ്ഞോയും ബ്രസീലിയന്‍ വിംഗര്‍ ഡീഗോ മൗറീസിയോയും ചേരുന്ന മുന്നേറ്റമാണ് ഒഡിഷയുടെ കരുത്ത്. 31 ഗോളും 18 അസിസ്റ്റുമാണ് ഐഎസ്‌എല്ലില്‍ മാര്‍സലീഞ്ഞോക്ക് ഒപ്പമുള്ളത്. ന്യൂകാസില്‍ യുണൈറ്റഡിന്‍റെ മുന്‍താരം സ്റ്റീവന്‍ ടൈലര്‍ പ്രതിരോധത്തില്‍ വന്‍മതിലായി മാറും.
ഒഡീഷക്ക് എതിരെ ആദ്യ ജയം ലക്ഷ്യമിട്ടാകും ഹൈദരാബാദ് തിങ്കളാഴ്‌ച ഇറങ്ങുക. കഴിഞ്ഞ സീസണില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ രണ്ട് തവണയും ജയം ഒഡീഷക്ക് ഒപ്പം നിന്നു. ആറാം സീസണിലെ 18 ഐഎസ്‌എല്ലുകളില്‍ 12ലും പരാജയപ്പെട്ട ഹൈദരാബാദ് നാല് സമനിലയും വഴങ്ങി. 39 ഗോളുകളാണ് അവര്‍ വാങ്ങിക്കൂട്ടിയത്. രണ്ട് ജയം മാത്രമാണ് കഴിഞ്ഞ സീസണില്‍ ഹൈദരാബാദിന്‍റെ പേരിലുള്ളത്. മറുഭാഗത്ത് ഒഡീഷയാകട്ടെ ഏഴ് കളി ജയിച്ചപ്പോള്‍ ഏഴെണ്ണം പരാജയപ്പെട്ടു. നാല് സമനിലയും വഴങ്ങി. 31 ഗോളുകളാണ് ഒഡീഷ വഴങ്ങി കൂട്ടിയത്.