ഹൈദരാബാദ്:ഐഎസ്എല്ലിലെ ആറാം ജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി ഒഡീഷ എഫ്‌സി. ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഒഡീഷ പരാജയപ്പെടുത്തി. മാഴ്‌സലീഞ്ഞോയിലൂടെ ഹൈദരാബാദ് ആദ്യം ലീഡ് നേടിയെങ്കിലും അരിഡെയ്ന്‍ സാന്‍ഡയുടെ ഇരട്ടഗോളിലൂടെ ഒഡീഷ ജയം സ്വന്തമാക്കി.
കളി തുടങ്ങി ആദ്യ മിനുട്ടില്‍ തന്നെ ഗോൾ നേടി മാഴ്‌സലീഞ്ഞോ ഒഡീഷയെ ഞെട്ടിച്ചു. ഏറെ വൈകാതെ 15-ാം മിനുട്ടില്‍ അരിഡെയ്‌ന്‍ സാന്‍ഡയിലൂടെ ഒഡീഷ സമനില പിടിച്ചു. ആദ്യ പകുതിയിലെ ഇഞ്ച്വറി ടൈമില്‍ പെനാല്‍റ്റിയിലൂടെയാണ് സാന്‍ഡ ഒഡീഷക്കായി ലീഡ് നേടിയത്. ഹൈദരാബാദിന്‍റെ പ്രതിരോധ താരം ഡിംപിൾ ഭഗത് വരുത്തിയ ഫൗളിനാണ് പെനാല്‍റ്റിയും ചുവപ്പുകാർഡു റഫറി വിധിച്ചത്.
ഭഗത് പുറത്തായതോടെ 10 പേരുമായാണ് ഹൈദരാബാദ് മത്സരം പൂർത്തിയാക്കിയത്. രണ്ടാം പകുതിയില്‍ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും വലയിലെത്തിക്കാന്‍ ഒഡീഷക്കായില്ല. രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമില്‍ ഹൈദരാബാദിന് സമനില ഗോളിനായി സുവർണാവസരം ലഭിച്ചെങ്കിലും ഒഡീഷയുടെ ഗോൾ കീപ്പർ ഫ്രാന്‍സിസ്‌കോ ഡോരന്‍സോറെ സേവ് ചെയ്‌തു.
ജയത്തോടെ 13 മത്സര മത്സരങ്ങളില്‍ നിന്നും 21 പോയിന്‍റുമായി ഒഡീഷ ഐഎസ്എല്‍ പോയിന്‍റ് പട്ടികയില്‍ നാലാമതാണ്. 13 മത്സരങ്ങളില്‍ നിന്നും ഒരു ജയം മാത്രമുള്ള ഹൈദരാബാദ് അവസാന സ്ഥാനത്തും. 12 മത്സരങ്ങളില്‍ നിന്നും 24 പോയിന്‍റുമായി എഫ്‌സി ഗോവയാണ് ഒന്നാം സ്ഥാനത്ത്. ഒഡീഷ ജനുവരി 22-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ബംഗളൂരു എഫ്‌സിയെ നേരിടും. അതേസമയം ഹൈരദാബാദ് ജനുവരി 24-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയെ നേരിടും.