പനാജി: ഐഎസ്‌എല്‍ ഏഴാം പതിപ്പില്‍ ആദ്യ ജയം തേടി ഒഡീഷ എഫ്‌സിയും ജംഷഡ്‌പൂർ എഫ്‌സിയും ഇന്നിറങ്ങും. സീസണില്‍ ആദ്യ മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങിയ ടീമുകളാണ് രണ്ടും. ഞായറാഴ്‌ച വൈകീട്ട് അഞ്ച് മണിക്ക് ഗോവയിലെ തിലക് മൈതാന്‍ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുക. കഴിഞ്ഞ 23ന് ബംബോളിയിൽ നടന്ന ഐഎസ്‌എല്‍ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സി 0-1ന് ഒഡീഷ എഫ്‌സിയെ പരാജയപ്പെടുത്തി. തൊട്ടടുത്ത ദിവസം നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജംഷഡ്‌പൂര്‍ എഫ്‌സി പരാജയപ്പെട്ടു.
ഐഎസ്എല്‍; ആദ്യ ജയം തേടി ഒഡീഷയും ജംഷഡ്‌പൂരും
ഒഡീഷാ എഫ്‌സിയും ജംഷഡ്‌പൂര്‍ എഫ്‌സിയും ഐഎസ്‌എല്ലില്‍ ആദ്യ ജയം തേടിയാണ് ഞായറാഴ്‌ച ഗോവയലിലെ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ പന്ത് തട്ടുക
പുതിയ പരിശീലകനും പുതിയ ടീമും ഉള്‍പ്പെട്ടതാണ് ഓഡീഷയുടെ പാളയം. പരിശീലകന്‍ സ്റ്റുവര്‍ട്ട് ബാക്‌സ്റ്റര്‍ ഒഡീഷ മികച്ച ടീമായി ഉയര്‍ന്നുവരുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ മത്സരത്തില്‍ പ്രതിരോധത്തില്‍ വന്ന പാളിച്ചകള്‍ ഒഡീഷക്ക് ഇത്തവണ പരിഹരിക്കേണ്ടതുണ്ട്. അവസാന മത്സരത്തിൽ ജംഷഡ്‌പൂരിന് വേണ്ടി നെറിജസ് വാൽസ്കിസ്, ജാക്കിചന്ദ് സിംഗ് എന്നിവര്‍ മുന്നേറ്റത്തില്‍ ആക്രമിച്ച് കളിച്ചിരുന്നു. അതിനാല്‍ തന്നെ ഇരുവരും ഞായറാഴ്‌ച നടക്കുന്ന മത്സരത്തില്‍ ഒഡീഷയുടെ പ്രതിരോധത്തിന് വെല്ലുവിളി ഉയര്‍ത്തും.
മറുവശത്ത് ജംഷഡ്‌പൂരിന്‍റെ പ്രതിരോധവും പരിക്കിന്‍റെ പിടിയിലാണ്. പ്രതിരോധ താരങ്ങളായ പീറ്റർ ഹാർട്ട്ലിക്കു നരേന്ദർ ഗഹ്‌ലോട്ടിനും പരിക്കേറ്റിരുന്നു. ഇരുവരും ഞായറാഴ്‌ച കളിക്കുന്ന കാര്യത്തില്‍ സംശയമുണ്ട്. ഓപ്പണിംഗ് മത്സരങ്ങളിൽ പലപ്പോഴും ടീമിനെ ബാധിച്ച യോജിപ്പിന്‍റെ അഭാവവും പരിശീലകന്‍ ഓവന്‍ കോയ്‌ലിന് ആശങ്കയുണ്ടാക്കുന്നുണ്ട്. ടൂർണമെന്‍റ് പുരോഗമിക്കുമ്പോൾ ജംഷഡ്‌പൂർ മികച്ച ടീമാകുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം.