ഫത്തോഡ: ഐഎസ്എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഇന്‍ജുറി ടൈമില്‍ എഫ്‌സി ഗോവയെ വീഴ്ത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നോർത്ത് ഈസ്റ്റ് മത്സരം പിടിച്ചത്.
നിശ്ചിത സമയത്ത് ഇരു സംഘവും ഓരോ ഗോളുകള്‍ നേടി സമനില പാലിച്ച മത്സരത്തിന്‍റെ 94ാം മിനിട്ടില്‍ ഖാസാ കമാറയുടെ ലോങ് റേഞ്ചര്‍ ഗോളാണ് നോര്‍ത്ത് ഈസ്റ്റിന് വിജയമൊരുക്കിയത്.
സീസണില്‍ നോര്‍ത്ത് ഈസ്റ്റ് നേടുന്ന ആദ്യ വിജയം കൂടിയാണിത്. മത്സരത്തിന്‍റെ ആദ്യ പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോളടിക്കാന്‍ ഇരു സംഘത്തിനുമായി. 10ാം മിനിട്ടില്‍ റോച്ചർസെല്ലയിലൂടെ നോർത്ത് ഈസ്റ്റാണ് ആദ്യം മുന്നിലെത്തിയത്. മത്തിയാസ് കോറെര്‍ നല്‍കിയ ത്രൂബോളിലാണ് താരത്തിന്‍റെ ഗോള്‍ നേട്ടം.
എന്നാല്‍ 13ാം മിനിട്ടില്‍ ഗോവ ഗോള്‍ മടക്കി. അലക്‌സാണ്ടര്‍ റൊമാരിയോ ജെസുരാജാണ് ഗോവയ്‌ക്കായി ലക്ഷ്യം കണ്ടത്. രണ്ടാം പകുതിയില്‍ ഇരു ടീമുകളും ആക്രമണം കടുപ്പിച്ചെങ്കിലും കൂടുതല്‍ ഗോളുകളകന്ന് നിന്നു. ഇതോടെ മത്സരം സമനിലയിലേക്കെന്ന് തോന്നിച്ച മാത്രയിലാണ് കമാറ നോര്‍ത്ത് ഈസ്‌റ്റിന്‍റെ രക്ഷകനായത്.
also read:മെസിയോടൊപ്പം കളിക്കുകയെന്നത് വലിയ സ്വപ്‌നം; ബാഴ്‌സയുമായി കരാറിലെത്തേണ്ടതായിരുന്നു ഡി മരിയ
മത്സരത്തിന്‍റെ 68 ശതമാനവും പന്ത് കൈവശം വെച്ച ഗോവ ഓണ്‍ ടാര്‍ഗറ്റിലേക്ക് ഒമ്പത് ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ നാല് ശ്രമങ്ങള്‍ മാത്രമാണ് നോര്‍ത്ത് ഈസ്‌റ്റിന്‍റെ ഭാഗത്തുനിന്നുമുണ്ടായത്.
ജയത്തോടെ പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്തെത്താന്‍ നോര്‍ത്ത് ഈസ്റ്റിനായി. നാല് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയും അടക്കം നാലു പോയിന്‍റാണ് സംഘത്തിനുള്ളത്. മൂന്നില്‍ മൂന്നും തോറ്റ ഗോവ അവസാന സ്ഥാനത്ത് തുടരുകയാണ്.