ഫത്തോര്‍ഡ : ഐഎസ്എല്ലിന്‍റെ പുതിയ സീസണില്‍ വിജയത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇനിയും കാത്തിരിക്കണം. ഇന്ന് നടന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ഇരു സംഘവും കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാതിരുന്ന മത്സരത്തില്‍ സുവര്‍ണാവസരങ്ങള്‍ തുലച്ചത് മഞ്ഞപ്പടയ്‌ക്ക് വിനയായി.
ആദ്യപകുതിയില്‍ അര്‍ജന്‍റീനന്‍ സ്‌ട്രൈക്കര്‍ ജോര്‍ജ് പെരെയ്‌ര ഡിയാസും രണ്ടാം പകുതിയുടെ തുടക്കത്തില്‍ സഹല്‍ അബ്‌ദുള്‍ സമദും സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് ആരാധകരെ ഞെട്ടിച്ചു.
36ാം മിനുട്ടിലായിരുന്നു ഗോള്‍ കീപ്പര്‍ സുഭാശിഷ് റോയ് മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരം ഡിയാസ് നഷ്ടപ്പെടുത്തിയത്. നോര്‍ത്ത് ഈസ്റ്റ് താരം ലാക്രയുടെ പിഴവില്‍ പന്ത് ലഭിച്ച താരം ബോക്‌സിലുണ്ടായിരുന്ന പ്രതിരോധ താരത്തെ മറികടന്നു. എന്നാല്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പന്ത് പുറത്തേക്കടിക്കുകയായിരുന്നു.
51ാം മിനിട്ടിലായിരുന്നു സഹല്‍ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചത്. വിന്‍സി ബാരെറ്റോ നടത്തിയ മുന്നേറ്റമായിരുന്നു ഈ അവസരത്തിന് വഴിയൊരുക്കിയത്. പന്തുമായി മുന്നേറിയ വിന്‍സി ഗോളി മാത്രം മുന്നില്‍ നില്‍ക്കേ പന്ത് സഹലിന് നല്‍കി. പന്ത് വലയിലേക്ക് തിരിച്ചുവിടാന്‍ മാത്രമേ സഹലിനുണ്ടായിരുന്നുള്ളൂ. എന്നാല്‍ താരത്തിന്‍റെ ഷോട്ട് പോസ്റ്റിന് പുറത്തായി.
മത്സരത്തില്‍ 54 ശതമാനവും പന്ത് കൈവശം വയ്ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു. നാല് തവണ സംഘം ഓണ്‍ ടാര്‍ഗറ്റിലേക്ക് ലക്ഷ്യം വെച്ചപ്പോള്‍ ഒരു ശ്രമം പോലും നടത്താന്‍ നോര്‍ത്ത് ഈസ്റ്റിനായില്ല. മത്സരം സമനിലയിലായതോടെ ഓരോ പോയിന്‍റുകള്‍ നേടി ബ്ലാസ്‌റ്റേഴ്‌സും നോര്‍ത്ത് ഈസ്‌റ്റും അക്കൗണ്ട് തുറന്നു.