ഫത്തോഡ: ഐഎസ്‌എല്ലില്‍ എടികെ മോഹന്‍ ബഗാനെതിരെ മുംബൈ സിറ്റി എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് മുംബൈ എടികെയെ തകര്‍ത്തത്. ഇന്ത്യന്‍ താരം വിക്രം പ്രതാപ് സിങ്ങിന്‍റെ ഇരട്ട ഗോള്‍ നേട്ടമാണ് മുംബൈക്ക് കരുത്തായത്.
മത്സരത്തിന്‍റെ തുടക്കം മുതല്‍ക്ക് തന്നെ ആധിപത്യം പുലര്‍ത്താന്‍ മുംബൈക്കായിരുന്നു. ഇതിന്‍റെ ഫലമായി നാലാം മിനുട്ടില്‍ തന്നെ വിക്രം സിങ്ങിലൂടെ മുംബൈ മുന്നിലെത്തി. തുടര്‍ന്ന് 25ാം മിനിട്ടിലും താരം ലക്ഷ്യം കണ്ടു.
ഇഗോര്‍ അംഗൂളൊ (38ാം മിനുട്ട്) മൗര്‍ത്തൂദാ ഫാള്‍ (52), ബിപിന്‍ സിങ്(52) എന്നിവരാണ് മുംബൈയുടെ പട്ടികയിലെ മറ്റ് ഗോളുകള്‍ കണ്ടെത്തിയത്. 60ാം മിനുട്ടില്‍ ഡേവിഡ് വില്യമാണ് മോഹന്‍ ബഗാന്റെ ആശ്വാസ ഗോള്‍ നേടിയത്.
അതേസമയം 46ാം മിനുട്ടില്‍ ദീപക് താങ്രി ചുവപ്പ് കണ്ട് പുറത്ത് പോയതോടെ 10 പേരുമായാണ് എടികെ മത്സരം പൂര്‍ത്തിയാക്കിയത്. മത്സരത്തിലെ 63 ശതമാനവും പന്ത് കൈവശം വെയ്‌ക്കാനും ലക്ഷ്യത്തിലേക്ക് 10 ശ്രമങ്ങള്‍ നടത്താനും മുംബൈക്കായി. എന്നാല്‍ ഒരു ശ്രമം മാത്രമാണ് എടികെ ഓണ്‍ ടാര്‍ഗറ്റിലേക്ക് നടത്തിയത്.
വിജയത്തോടെ മൂന്ന് കളികളില്‍ നിന്ന് ആറ് പോയിന്‍റുമായി മുംബൈ പോയിന്‍റ് പട്ടികയുടെ തലപ്പത്തെത്തി. ഒഡീഷയ്ക്കും ചെന്നൈക്കും, എടികെയ്ക്കും ആറ് പോയിന്‍റ് വീതമുണ്ടെങ്കിലും ഗോള്‍ ശരാശരിയാണ് മുംബൈക്ക് തുണായായത്. ഒഡീഷയ്‌ക്കും ചെന്നൈയിനും പിന്നില്‍ നാലാം സ്ഥാനത്താണ് എടികെ.