വാസ്കോ ഡ ഗാമ : ഇന്ത്യൻ സൂപ്പർ ലീഗിലെ(ISL) കേരള ബ്ലാസ്റ്റേഴ്‌സ് -ജംഷഡ്‌പൂർ എഫ്.സി മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. ജംഷഡ്‌പൂരിനായി ഗ്രെഗ് സ്‌റ്റെവാർട്ട് ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്‌സിനായി സഹൽ അബ്‌ദുൽ സമദ് മറുപടി ഗോൾ നേടി. ഈ സീസണിൽ തുടർച്ചയായ ഏഴാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് തോൽവി അറിയാതെ മുന്നേറുന്നത്.
മത്സരത്തിന്‍റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച ജംഷഡ്‌പൂർ തന്നെയാണ് ആദ്യ ഗോളും സ്വന്തമാക്കിയത്. 14-ാം മിനിട്ടിൽ ഗ്രെഗ് സ്റ്റെവാർട്ടാണ് മനോഹരമായ ഫ്രീകിക്കിലൂടെ ജംഷഡ്‌പൂരിനായി ഗോൾ നേടിയത്. അതോടെ മത്സരത്തിൽ ജംഷഡ്‌പൂർ ലീഡ് നേടി.
ആദ്യ ഗോൾ വീണതോടെ ബ്ലാസ്റ്റേഴ്‌സ് ഉണർന്നുകളിച്ചു. അതോടെ 27-ാം മിനിട്ടിൽ സമനിലഗോൾ പിറന്നു. മലയാളി സൂപ്പർ താരം സഹൽ അബ്‌ദുൾ സമദാണ് ഗോൾ നേടിയത്. ഗോളി രഹനേഷ് തട്ടിയകറ്റിയ ബോൾ പിടിച്ചെടുത്ത സഹൽ ജംഷഡ്‌പൂർ വലയിലേക്ക് നിറയൊഴിക്കുകയായിരുന്നു. ഇതോടെ ആദ്യ പകുതിയിൽ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞു.