കൊച്ചി: ആര്‍ത്തലച്ച മഞ്ഞപ്പടയെ സാക്ഷിയാക്കി ചിരവൈരികളായ കൊല്‍ക്കത്തയെ തകര്‍ത്ത് കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ആറാം പതിപ്പില്‍ വിജയത്തുടക്കം. രണ്ട് തകര്‍പ്പന്‍ ഗോളുകളുമായി ക്യാപ്‌റ്റന്‍ ബര്‍ത്തലോമി ഒഗ്‌ബെച്ചെ ടീമിനെ മുന്നില്‍ നിന്നു നയിച്ചു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ തിരിച്ചുവരവ്.
നേരിയ മഴയുടെ അകമ്പടിയോടെയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആദ്യ വിസില്‍ മുഴങ്ങിയത്. ബ്ലാസ്റ്റേഴ്‌സിന്‍റെ ഓരോ പാസുകള്‍ക്കും ആര്‍ത്തിരമ്പിയ മഞ്ഞപ്പട ടീമിന് ഇന്ധനമായി. എന്നാല്‍ ആദ്യം കുലുങ്ങിയത് ബ്ലാസ്റ്റേഴ്‌സിന്‍റെ വലയായിരുന്നു. ആറാം മിനിറ്റില്‍ ഐറിഷ് താരം കാള്‍ മക്ഹ്യൂവിന്‍റെ തകര്‍പ്പന്‍ ഹാഫ് വോളി സ്റ്റേഡിയത്തെ നിശബ്‌ദമാക്കി. ഗാര്‍ഷ്യ ഇന്‍ഗ്യൂസിന്‍റെ ഫ്രീകിക്കില്‍ നിന്ന് തുടങ്ങിയ എടികെയുടെ നീക്കം ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ ബിലാലിനെ മറികടന്ന് വലയിലെത്തി. പരിക്കേറ്റ് പുറത്തിരിക്കുന്ന ബ്ലാസ്റ്റേഴ്‌സിന്‍റെ മതിലായിരുന്ന സന്ദേഷ് ജിംഗനെ മഞ്ഞപ്പട ഒരുപോലെ ഓര്‍ത്തു. സ്കോര്‍ 0-1. എന്നാല്‍ കൊല്‍ക്കത്തയുടെ സന്തോഷത്തിനും, മഞ്ഞപ്പടയുടെ സങ്കടത്തിനും അധികം ആയുസുണ്ടായിരുന്നില്ല. കോര്‍ണര്‍ കിക്കിനിടെ ജെയ്റോ റോഡ്രിഗസിന്‍റെ ജഴ്‌സി പിടിച്ചുവലിച്ചതിന് കൊല്‍ക്കത്തയ്‌ക്ക് ബുക്കിങ്, ബ്ലാസ്റ്റേഴ്‌സിന് പെനാല്‍റ്റി. മഞ്ഞപ്പട ഉണര്‍ന്നു. ഗോളിനായി ആരവമുയര്‍ത്തി. കിക്കെടുക്കാനെത്തിയത് ക്യാപ്‌റ്റന്‍ ബര്‍ത്തലോമി ഒഗ്‌ബ്ബെച്ചെ. ഉന്നം തെറ്റിയില്ല, കൊല്‍ക്കത്തയുടെ പോസ്‌റ്റിന്‍റെ വലതുമൂലയിലേക്ക് തൊടുത്ത ഷോട്ട് മുന്‍കൂട്ടികാണാന്‍ കൊല്‍ക്കത്തയുടെ ഗോളിക്കായില്ല. സ്കോര്‍ 1 - 1.