ബാംബോലിം: ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും ഇന്ന് കൊമ്പുകോർക്കും. ഈ സീസണില്‍ അഞ്ച് മത്സരങ്ങൾ കളിച്ച ഇരുടീമുകൾക്കും ഒരു ജയം പോലും നേടാനായിട്ടില്ല. ഗോവയിലെ ജിഎംസി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.
പോയിന്‍റ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഈസ്റ്റ് ബംഗാളിനോടെങ്കിലും തങ്ങളുടെ ആദ്യ ജയം നേടുമെന്ന പ്രതീക്ഷയിലാണ് കേരളത്തിന്‍റെ സ്വന്തം കൊമ്പന്മാർ. ഈ സീസണില്‍ അഞ്ച് ഗോളടിച്ച് പത്ത് ഗോൾ വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ്, രണ്ട് ഗോളുകൾ നേടി പത്ത് ഗോൾ വഴങ്ങിയ ബംഗാളിനെക്കാൾ ഭേദമാണ്. മികച്ച രീതിയില്‍ ആക്രമിച്ച് കളിക്കാൻ കഴിയാത്തതാണ് ഇരുടീമുകളും നേരിടുന്ന പ്രധാന വെല്ലുവിളി. ലീഗിലെ ഏറ്റവും കുറച്ച് ഷോട്ടുകൾ പായിച്ച ടീമാണ് ബ്ലാസ്റ്റേഴ്‌സ്(39). 48 ഷോട്ടുകളുമായി ബംഗാൾ ബ്ലാസ്റ്റേഴ്‌സിന്‍റെ മുന്നിലുണ്ട്.