പനാജി: ഐഎസ്‌എല്ലില്‍ ഇന്ന് ഹൈദരാബാദ് എഫ്‌സി, ജംഷഡ്പൂര്‍ എഫ്‌സി പോരാട്ടം. ഇന്ന് രാത്രി 7.30ന് തിലക് മൈതാന്‍ സ്റ്റേഡിയത്തിലാണ് പോരാട്ടം നടക്കുക. ഐഎസ്‌എല്‍ ഏഴാം പതിപ്പില്‍ മികച്ച തുടക്കം ലഭിച്ച ടീമാണ് ഹൈദരാബാദ് എഫ്‌സി.
ലീഗിലെ ആദ്യ മത്സരത്തില്‍ ഒഡീഷ എഫ്‌സിയെ തോല്‍പ്പിക്കുകയും ബംഗളൂരുവിന് എതിരായ രണ്ടാമത്തെ മത്സരത്തില്‍ സമനിലയും ഹൈദരാബാദ് സ്വന്തമാക്കി. അദ്രിയാനെ സാന്‍റയുടെ നേതൃത്വത്തിലുള്ള മുന്നേറ്റവും മധ്യനിരയില്‍ തന്ത്രങ്ങള്‍ ഡിഫന്‍സീവ് മിഡ്‌ഫീല്‍ഡറുടെ റോളില്‍ ബ്രസീലിയന്‍ താരം വിക്‌ടറുമുള്ളത് ഹൈദരാബാദിന് കരുത്താണ്.
മറുവശത്ത് ആദ്യ ജയം തേടിയാണ് ജംഷഡ്‌പൂര്‍ ബൂട്ട് കെട്ടുന്നത്. ലീഗിലെ ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയോട് പരാജയപ്പെട്ട അവര്‍ അടുത്ത മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് സമനില വഴങ്ങി. ഒഡീഷക്ക് എതിരായ കഴിഞ്ഞ മത്സരത്തില്‍ ടിപി രഹനേഷ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനാല്‍ പരിശീലകന്‍ ഓയന്‍ കോയലിന് പകരക്കാരനെ കണ്ടെത്തേണ്ടി വരും. കഴിഞ്ഞ മത്സരത്തില്‍ ഇരട്ട ഗോള്‍ സ്വന്തമാക്കിയ ലിത്വാനിയന്‍ മുന്നേറ്റ താരം നെരിയസ് വാല്‍കിസാകും ഇത്തവണയും ജംഷഡ്‌പൂരിന്‍റെ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
മത്സരം ഡിസ്‌നി+ഹോട്ട്സ്‌റ്റാറിലും, സ്‌റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും തത്സമയം കാണാം.