വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഹൈദരാബാദ് എഫ്‌സി, ബംഗളൂരു എഫ്‌സി പോരാട്ടം. ലീഗില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ അപരാജിത കുതിപ്പ് തുടരുന്ന ഹൈദരാബാദ് ഇത്തവണ ജയം മാത്രം ലക്ഷ്യമിട്ടാണ് ബംഗളൂരുവിനെ നേരിടാന്‍ എത്തുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ തുടര്‍ച്ചയായി സമനില വഴങ്ങിയത് ഹൈദരാബാദിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. സമനിലക്കളിക്ക് വിരാമമിട്ട് മുന്നോട്ടുള്ള കുതിപ്പ് തുടരാനാണ് പരിശീലകന്‍ മാന്വല്‍ മാര്‍ക്വിസിന്‍റെ നേതൃത്വത്തിലുള്ള ഹൈദരാബാദിന്‍റെ നീക്കം. ലീഗിലെ 13 മത്സരങ്ങില്‍ നിന്നും നാല് ജയവും ആറ് സമനിലയും ഉള്‍പ്പെടെ 18 പോയിന്‍റാണ് ഹൈദരാബാദിനുള്ളത്. ബംഗളൂരുവിനെതിരെ ജയം സ്വന്തമാക്കിയാല്‍ ഹൈദരാബാദിന് പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയരാം.
പ്രതിരോധത്തിന്‍റെ കോട്ട തീര്‍ത്താണ് ഹൈദരാബാദ് എഫ്‌സി ഓരോ മത്സരങ്ങളിലും എതിരാളികളെ നേരിടുന്നത്. സീസണില്‍ ഇതിനകം ആറ് മത്സരങ്ങളില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെ മുന്നോട്ട് പോകാന്‍ ഹൈദരാബാദിന് സാധിച്ചിട്ടുണ്ട്. അഡ്രിയാനെ സാന്‍റെയുടെ നേതൃത്വത്തിലുള്ള മുന്നേറ്റ നിരയാണ് ഹൈദരാബാദിന്‍റെ മറ്റൊരു പ്രത്യേകത. ഹാലിചരണും സാന്‍റെയും ചേര്‍ന്ന കൂട്ടുകെട്ടാണ് ഹൈദരാബാദിനായി സെറ്റ് പീസുകള്‍ ഒരുക്കുന്നത്. ബംഗളൂരുവിനെതിരായ മത്സരത്തില്‍ തുടക്കത്തിലേ ഗോള്‍ നേടി മുന്നേറാനാകും ഹൈദരാബാദ് എഫ്‌സിയുടെ നീക്കം.