തിലക് മൈതാൻ: ഐഎസ്‌എല്ലിന്‍റെ പുതിയ സീസണില്‍ ആദ്യ ജയം നേടി എഫ്.സി ഗോവ. ഇരുപക്ഷത്തേക്കുമായി ഗോള്‍ വര്‍ഷം നടന്ന മത്സരത്തില്‍ എസ്.സി ഈസ്റ്റ് ബംഗാളിനെയാണ് ഗോവ കീഴടക്കിയത്. മൂന്നിനെതിരെ നാലുഗോളുകള്‍ക്കാണ് ഗോവന്‍ വിജയം.
ഗോവയ്ക്ക് വേണ്ടി ആല്‍ബെര്‍ട്ടോ നൊഗുവേര ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഓര്‍ഗെ ഓര്‍ട്ടിസും വലകുലുക്കി. ആന്‍റോണിയോ പെറോസേവിച്ചിന്‍റെ ഓണ്‍ ഗോളും ടീമിന് തുണയായി. ഈസ്റ്റ് ബംഗാളിനായി ആന്‍റോണിയോ പെറോസേവിച്ച് ഇരട്ട ഗോളുകള്‍ നേടി. ആമിര്‍ ഡെര്‍വിസേവിച്ചാണ് മറ്റൊരു ഗോളിനുടമ.
മത്സരത്തിന്‍റെ 14ാം മിനിട്ടില്‍ നൊഗുവേരയിലൂടെ ഗോവയാണ് ആദ്യം മുന്നിലെത്തിയത്. ഓര്‍ഗെ ഓര്‍ട്ടിസിന്‍റെ പാസില്‍ നിന്നും 30 വാര അകലെനിന്നുള്ള നൊഗുവേരയുടെ തകര്‍പ്പന്‍ ഷോട്ട് വല തുളയ്‌ക്കുകയായിരുന്നു.
എന്നാല്‍ 26ാം മിനിട്ടില്‍ ഈസ്റ്റ് ബംഗാളിന് വേണ്ടി പെറോസേവിച്ച് ഗോൾ മടക്കി. ഗോവന്‍ ബോക്‌സിന് പുറത്ത് നിന്നും ലഭിച്ച ഫ്രീകിക്കാണ് ഗോളിന് വഴിയൊരുക്കിയത്. പെറോസേവിച്ചെടുത്ത ഷോട്ട് ഗോവന്‍ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. എന്നാല്‍ തിരികെയെത്തിയ പന്ത് അതിവേഗം പെറോസേവിച്ച് തന്നെ ഗോളിലേക്ക് മടക്കി അയച്ചു.
ഗോള്‍ വീണതോടെ ഗോവ ആക്രമണം കടുപ്പിച്ചു. ഇതിന്‍റെ ഫലമായി 31ാം ലഭിച്ച പെനാല്‍റ്റിയിലൂടെ ഗോവ വീണ്ടും മുന്നിലെത്തി. ബോക്‌സിനകത്ത് വെച്ചുള്ള ഈസ്റ്റ് ബംഗാള്‍ പ്രതിരോധതാരം സൗരവ് ദാസ് ഫൗളിന് റഫറി ആദ്യം ഫ്രീകിക്കാണ് വിധിച്ചത്. തുടര്‍ന്ന് പെനാല്‍റ്റിയാക്കുകയായിരുന്നു. കിക്കെടുത്ത ഓര്‍ഗെ ഓര്‍ട്ടിസ് ലക്ഷ്യം കണ്ടതോടെ ഗോവ വീണ്ടും മുന്നിലെത്തി.