വാസ്‌കോ:ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ കലാശപ്പോര് മാര്‍ച്ച് 13ന്. ഗോവയിലെ ഫത്തോര്‍ഡാ സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം. സെമി ഫൈനലിന്‍റെ ആദ്യപാദ മത്സരങ്ങള്‍ മാര്‍ച്ച് അഞ്ച്, ആറ് തീയ്യതികളിലും രണ്ടാം പാദ മത്സരങ്ങള്‍ എട്ട്, ഒമ്പത് തീയ്യതികളിലുമായി നടക്കും. സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഫത്തോര്‍ഡക്ക് പുറമെ ബംബോളിയിലും നടക്കും.ലീഗ് തലത്തില്‍ ഒന്നാമതെത്തുന്ന ടീമിന് എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാം. ഈ ടീമിനാകും ലീഗ് ഷീല്‍ഡ് ലഭിക്കുക.
സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഒഡീഷ എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി എഫ്‌സി ഗോവ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. ആല്‍ബെര്‍ട്ടോ നെഗുവേര, മെന്‍ഡോസ, ഇവാന്‍ ഗോണ്‍സാലസ് എന്നിവര്‍ ഗോവക്കായി വല കുലുക്കി. ഡിഗോ മൗറീഷ്യോ ഒഡീഷക്കായി ആശ്വാസ ഗോള്‍ സ്വന്തമാക്കി.
ലീഗില്‍ ഇന്ന് പ്ലേ ഓഫ് ലക്ഷ്യമിട്ട് നോര്‍ത്ത് ഈസ്റ്റ്; പോരാട്ടം ചെന്നൈയിനെതിരെ
ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും നേര്‍ക്കുനേര്‍ വരും. കഴിഞ്ഞ സീസണിലെ റണ്ണറപ്പായ ചെന്നൈയിനെ പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നോര്‍ത്ത് ഈസ്റ്റ് കളത്തിലിറങ്ങുക. ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ ഒഡീഷക്കെതിരെ വമ്പന്‍ ജയം സ്വന്തമാക്കിയ നോര്‍ത്ത് ഈസ്റ്റ് ആത്മവിശ്വാസത്തോടെയാകും ചെന്നൈയെ നേരിടുക. കഴിഞ്ഞ കളിയില്‍ ചുവപ്പ് കാര്‍ഡ് കണ്ട ഗുര്‍ജീന്ദര്‍ കുമാറിന് ഇത്തവണ നോര്‍ത്ത് ഈസ്റ്റിനായി കളിക്കാന്‍ സാധിക്കില്ലെന്നതാണ് അവര്‍ നേരിടുന്ന തിരിച്ചടി. ഡെഷോം ബൗണ്‍ നോര്‍ത്ത് ഈസ്റ്റിന്‍റെ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ ഇരട്ട ഗോളടിച്ച മച്ചോഡ മധ്യനിരയില്‍ തന്ത്രങ്ങള്‍ മെനയും. പുതിയ പരിശീലകന് കീഴില്‍ ആദ്യ മത്സരം കളിക്കാന്‍ ഒരുങ്ങുകയാണ് നോര്‍ത്ത് ഈസ്റ്റ്.
മറുഭാഗത്ത ഗോവക്കെതിരെ സമനില വഴങ്ങിയതിന്‍റെ ക്ഷീണത്തിലാണ് ചെന്നൈയന്‍. അവസാന നിമിഷമാണ് ഗോവക്കായി ഇഷാന്‍ പണ്ഡിത സമനില ഗോള്‍ പിടിച്ചത്. പൊരുതി കളിച്ച ചെന്നൈയിന്‍ അര്‍ഹിച്ച വിജയമാണ് പണ്ഡിത തട്ടിയെടുത്തത്. നിലവില്‍ പ്ലേ ഓഫ് സാധ്യതകള്‍ ഇല്ലാതായ ചെന്നൈയിന് പൊരുതി ജയിച്ച് സീസണ്‍ അവസാനിപ്പിക്കാനാകും നീക്കം. നോര്‍ത്ത് ഈസ്റ്റിനെ കൂടാതെ കേരളാ ബ്ലാസ്റ്റേഴ്‌സാണ് ചെന്നൈയിന് എതിരാളികള്‍. ഈ മാസം 21നാണ് ചെന്നൈയിന്‍റെ അടുത്ത മത്സരം.