കേരളം

kerala

ETV Bharat / sports

ISL : ഒഡിഷയ്‌ക്കെതിരെ ജയം ; ചെന്നൈയിന്‍ നാലാം സ്ഥാനത്ത് - ഒഡിഷ എഫ്‌സി- ചെന്നൈയിന്‍ എഫ്‌സി

ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയിന്‍ ഒഡിഷയെ കീഴടക്കിയത്

ISL  Chennaiyin FC vs Odisha FCHighlights  ഐഎസ്‌എല്‍  ഒഡിഷ എഫ്‌സി- ചെന്നൈയിന്‍ എഫ്‌സി  ജര്‍മന്‍പ്രീത് സിങ്
ISL: ഒഡിഷയ്‌ക്കെതിരെ ജയം; ചെന്നൈയിന്‍ നാലാം സ്ഥാനത്ത്

By

Published : Dec 18, 2021, 10:52 PM IST

പനാജി : ഐഎസ്എല്ലില്‍ ഒഡിഷ എഫ്‌സിക്കെതിരെ ചെന്നൈയിന്‍ എഫ്‌സിക്ക് വിജയം. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയിന്‍ ഒഡിഷയെ കീഴടക്കിയത്.

ജര്‍മന്‍പ്രീത് സിങ്, മിര്‍ലന്‍ മുര്‍സയെവ് എന്നിവര്‍ ചെന്നൈയിനായി ലക്ഷ്യം കണ്ടപ്പോള്‍ അധിക സമയത്ത് ജാവിയര്‍ ഹെര്‍ണാണ്ടസാണ് ഒഡിഷയുടെ ആശ്വാസ ഗോള്‍ നേടിയത്.

മത്സരത്തിന്‍റെ 23ാം മിനിട്ടില്‍ തന്നെ മുന്നിലെത്താന്‍ ചെന്നൈയിനായിരുന്നു. അനിരുദ്ധ് ഥാപ ഒഡിഷ ബോക്‌സിലേക്ക് നല്‍കിയ ക്രോസാണ് ഗോളിന് വഴിയൊരുക്കിയത്. പന്ത് സ്വീകരിച്ച ജര്‍മന്‍പ്രീതിന്‍റെ ആദ്യ ഷോട്ട് ഗോള്‍കീപ്പര്‍ കമല്‍ജിത്ത് സിങ് തടഞ്ഞിട്ടെങ്കിലും റീബോണ്ടില്‍ താരം തന്നെ പന്ത് വലയില്‍ കയറ്റി.

രണ്ടാം പകുതിയുടെ 63ാം മിനിട്ടിലാണ് ചെന്നൈയുടെ പട്ടികയിലെ രണ്ടാം ഗോള്‍ പിറന്നത്. ലാലിയന്‍സുവല ചാങ്‌തെയുടെ പാസില്‍ നിന്നും മുര്‍സയെവിന്‍റെ ലോങ് റേഞ്ചറാണ് ലക്ഷ്യത്തില്‍ പതിച്ചത്.

85ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ ലീഡുയര്‍ത്താന്‍ ലഭിച്ച അവസരം ചെന്നൈയിന്‍ നഷ്ടമാക്കി. വ്‌ളാഡിമിര്‍ കോമാനെ സെബാസ്റ്റിയന്‍ താങ്മുവാന്‍സാങ് ബോക്‌സില്‍ ഫൗള്‍ ചെയ്‌തതിനാണ് പെനാല്‍റ്റി ലഭിച്ചത്. ലുക്കാസ് ഗിക്കിവിക്‌സ് പോസ്റ്റിന്‍റെ വലത് മൂലയിലേക്കെടുത്ത ഷോട്ട് കമല്‍ജിത് തട്ടിയകറ്റുകയായിരുന്നു.

അതേസമയം മത്സരത്തിന്‍റെ 96ാം മിനിട്ടിലാണ് ഒഡിഷയുടെ ആശ്വാസ ഗോള്‍ പിറന്നത്. ഗോള്‍ കീപ്പര്‍ വിശാല്‍ നീട്ടി നല്‍കിയ പന്തില്‍ മുന്നേറിയ ഹെര്‍ണാണ്ടസ് തകര്‍പ്പന്‍ ലോങ്‌റേഞ്ചറിലൂടെ പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

ജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്നും 11 പോയിന്‍റുമായി ചെന്നൈയിന്‍ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. മൂന്ന് വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് സംഘത്തിന്‍റെ പട്ടികയിലുള്ളത്.

അതേസമയം ആറ് മത്സരങ്ങളില്‍ നിന്നും 9 പോയിന്‍റുമായി ഒഡിഷ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. മൂന്ന് വിജയങ്ങളും മൂന്ന് തോല്‍വിയുമാണ് സംഘത്തിന്‍റെ പട്ടികയിലുള്ളത്.

ABOUT THE AUTHOR

...view details