മർഗാവ് : ഇന്ത്യൻ സൂപ്പർ ലീഗിൽ(ISL) ചെന്നൈയിൻ എഫ്.സി- എ.ടി.കെ മോഹൻ ബഗാൻ മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയ മത്സരത്തിൽ ചെന്നൈക്കായി വ്ളാഡിമിർ കോമാനും, മോഹൻ ബഗാനായി ലിസ്റ്റണ്‍ കൊളാസോയും വല കുലുക്കി. ഇരു ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്.
മത്സരത്തിന്‍റെ ആദ്യ ഘട്ടം മുതൽ ആക്രമിച്ചാണ് ഇരു ടീമുകളും കളിച്ചത്. പിന്നാലെ 18-ാം മിനിട്ടിൽ ലിസ്റ്റണ്‍ കൊളാസോയിലൂടെ മോഹൻ ബഗാൻ ആദ്യ ഗോൾ നേടി. റോയ് കൃഷ്‌ണ ബോക്‌സിനകത്തേക്ക് നൽകിയ പന്ത് ലിസ്റ്റണ്‍ വലയിലെത്തിക്കുകയായിരുന്നു.
പിന്നാലെ മറുപടി ഗോളിനായി ചെന്നൈയുടെ കഠിന ശ്രമങ്ങൾക്ക് 45-ാം മിനിട്ടിലാണ് ലക്ഷ്യം കാണാനായത്. ഇഞ്ച്വറി ടൈമിൽ വ്ളാഡിമിർ കോമാൻ തകർപ്പനൊരു ഷോട്ടിലൂടെ പന്ത് ബഗാന്‍റെ വലയിലെത്തിച്ചു. ഇതോടെ ഇരുടീമുകളും ഒപ്പത്തിനൊപ്പമായി.
ALSO READ:Premier League : വോള്‍വ്‌സിനെ തകർത്തു, വിജയം തുടർന്ന് മാഞ്ചസ്റ്റർ സിറ്റി; ബ്രെന്‍റ്ഫോര്‍ഡിനും ജയം
രണ്ടാം പകുതിയിൽ വിജയം നേടുന്നതിനായി ഇരു ടീമുകളും ശക്തിയോടെ പോരാടിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. സമനിലയോടെ നാല് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്‍റുമായി ചെന്നൈയിന്‍ പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. അഞ്ച് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയന്‍റുള്ള മോഹന്‍ ബഗാന്‍ ആറാം സ്ഥാനത്ത് തുടരുന്നു.