പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഒഡീഷ എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി പോരാട്ടം. ബിംബോളിം സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ സമനിലയായിരുന്നു ഫലം. അതേസമയം കേരളാ ബ്ലാസ്റ്റേഴ്‌സിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതിന്‍റെ ആത്മവിശ്വാസം ഒഡീഷക്കുണ്ട്. സീസണില്‍ ഒഡീഷയുടെ ആദ്യ ജയമായിരുന്നു ബ്ലാസ്റ്റേഴ്‌സിനെതിരെ സ്വന്തമാക്കിയത്.
മോശം തുടക്കമാണ് ലഭിച്ചതെങ്കിലും ലീഗ് ആദ്യ പകുതി പിന്നിടുമ്പോള്‍ ശക്തമായി തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് പരിശീലകന്‍ സ്റ്റുവര്‍ട്ട് ബക്‌സറിന് കീഴിലുള്ള ഒഡീഷ. ശക്തമായ പ്രതിരോധം കാഴ്‌ചവെച്ച ചെന്നൈയിന് എതിരായ മത്സരത്തില്‍ ഒഡീഷ സീസണിലെ ആദ്യത്തെ ക്ലീന്‍ ഷീറ്റ് സ്വന്തമാക്കിയിരുന്നു. ഗൗരവ് ബോറ, സ്റ്റീവന്‍ ടെയ്‌ലര്‍ കൂട്ടുകെട്ടാണ് ഒഡീഷയുടെ പ്രതിരോധം കാക്കുന്നത്. വല കാക്കുന്ന ഹര്‍ഷ്‌ദീപ് സിങ്ങും ഒഡീഷയുടെ കരുത്താണ്.
ദുര്‍ബലരായ ഒഡീഷയെ കീഴടക്കി വിജയ പാതയിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് പരിശീലകന്‍ കസബാ ലാസ്‌ലോക്ക് കീഴിലുള്ള ചെന്നൈയിന്‍. ലീഗില്‍ തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ ചെന്നൈയിന് ജയം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മുന്നേറ്റ നിരയിലാണ് ചെന്നൈയിന്‍റെ പ്രതീക്ഷ. കഴിഞ്ഞ 10 മത്സരങ്ങളില്‍ നിന്നായി ചെന്നൈയിന്‍ എട്ട് ഗോളുകളാണ് അടിച്ച് കൂട്ടിയത്. തുടക്കം മുതലെ ആക്രമിച്ച് കളിക്കാന്‍ സാധിക്കുന്നത് ഇന്നത്തെ മത്സരത്തില്‍ ചെന്നൈയിന് ഗുണം ചെയ്യും.
ഇതുവരെ നടന്ന മത്സരങ്ങളില്‍ ആകെ ആദ്യത്തെ 15 മിനിട്ടില്‍ മൂന്ന് ഗോളുകള്‍ ചെന്നൈയിന് സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. ആക്രമണത്തിന്‍റെ മൂര്‍ച്ച കൂട്ടിയാല്‍ ചെന്നൈയിന് കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കാന്‍ സാധിക്കും. ഫിനിഷിങ്ങിലെ പോരായ്‌മകള്‍ പരിഹരിച്ചാകും ചെന്നൈയിന്‍ ഒഡീഷക്കെതിരെ ഇറങ്ങുകയെന്ന് പരിശീലകന്‍ ലാസ്‌ലോ ഇതിനകം വ്യക്തമാക്കി കഴിഞ്ഞു.
റാഫേല്‍ ക്രിവാല്‍റോ പുറത്ത് പോയ സാഹചര്യത്തില്‍ മുന്നേറ്റ നിരയില്‍ മാന്വല്‍ ലസറോട്ടിനെ ചെന്നൈയിന് വേണ്ടി കളിക്കും. 33 ഐഎസ്‌എല്‍ മത്സരങ്ങളില്‍ നിന്നായി 18 ഗോളുകളും എട്ട് അസിസ്റ്റുകളും ലസറോട്ടിന്‍റെ പേരിലുണ്ട്. കൊവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും അദ്ദേഹം ടീമിന്‍റെ ഭാഗമാകുക.