ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ്, എഫ്‌സി ഗോവ പോരാട്ടം. സീസണില്‍ നാലാം മത്സരത്തിന് ഇറങ്ങുന്ന ഇരു ടീമുകളുടെയും ലക്ഷ്യം ആദ്യ ജയമായതിനാല്‍ പോരാട്ടം കനക്കും. ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിനെതിരെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു. എഫ്‌സി ഗോവയും അവസനാ മത്സരത്തില്‍ സമനില വഴങ്ങി. നോർത്ത് ഈസ്റ്റിനെതിരെ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു പിരിഞ്ഞു. ലീഗിലെ പോയിന്‍റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്തും ഗോവ ഒമ്പതാം സ്ഥാനത്തുമാണ്.
കേരള ബ്ലാസ്റ്റേഴ്‌സിന് ജയം അനിവാര്യമാണ്. ഗോളവസരങ്ങൾ സൃഷ്ടിക്കാൻ മധ്യനിരക്ക് കഴിയാത്തത് ബ്ലാസ്റ്റേഴ്സിനെ അലട്ടുന്നുണ്ട്. മുന്നേറ്റ നിരയിൽ ഗാരി ഹൂപ്പറിന് ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താനാകുന്നുമില്ല. ആദ്യ പകുതിയിൽ പുറത്തെടുക്കുന്ന പ്രകടന മികവ് രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സിന് നിലനിർത്താൻ സാധിക്കുന്നില്ല. ഗോൾ അടിച്ച ശേഷം പ്രതിരോധത്തിലേക്ക് വലിഞ്ഞതാണ് രണ്ടാമത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. ഇതിനിടെ കേരള ബ്ലാസ്റ്റേഴ്‌സ് നായകന്‍ സെർജിയോ സിഡോഞ്ച അവസാന മത്സരത്തിൽ പരിക്കേറ്റ് പുറത്തായതും, ദീർഘനാൾ താരത്തിന് കളത്തിന് പുറത്ത് ഇരിക്കേണ്ടി വരുന്നതും ടീമിന് തിരിച്ചടിയാണ്.