മുംബൈ:ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പുതുവർഷത്തെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്‌സിക്ക് ജയം. ബംഗളൂരുവിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എഫ്‌സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബംഗളൂരു തോല്‍പിച്ചു. നായകന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളുകളുടെ മികവിലാണ് ആതിഥേയരുടെ ജയം.
ഗോവന്‍ കുതിപ്പ് അവസാനിപ്പിച്ച് ബംഗളൂരു - എഫ്‌സി ഗോവ വാർത്ത
പുതുവർഷത്തെ ആദ്യത്തെ മത്സരത്തില്‍ എഫ്‌സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബംഗളൂരു എഫ്‌സി പരാജയപെടുത്തി
ഗോൾ രഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷം 59-ാം മിനുട്ടില്‍ ഡീമാസ് ഡെല്‍ഗാഡോയുടെ അസിസ്‌റ്റിലൂടെ സുനില്‍ ഛേത്രി ആദ്യ ഗോൾ നേടി. നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ ആറ് മിനുട്ട് മാത്രം ശേഷിക്കെ മലയാളി താരം ആഷിക്ക് കുരുണിയന്‍റെ പാസില്‍ ഛേത്രി വീണ്ടും വല കുലുക്കി. 61-ാം മിനുട്ടില്‍ ഹ്യൂഗോ ബൗമോസിന്‍റെ വകയായിരുന്നു ഗോവയുടെ ആശ്വാസ ഗോൾ.
പരാജയപെട്ടെങ്കിലും പോയിന്‍റ് പട്ടികയില്‍ ഗോവയാണ് മുന്നില്‍. 11 മത്സരങ്ങളില്‍ 21 പോയിന്‍റാണ് ഗോവക്ക്. ഇത്രയും മത്സരങ്ങളില്‍ നിന്നും 19 പോയിന്‍റുമായി ബംഗളൂരു എഫ്‌സി രണ്ടാമതാണ്. ജനുവരി ഒമ്പതിന് ജംഷഡ്‌പൂർ എഫ്‌സിക്ക് എതിരെയാണ് ബംഗളൂരുവിന്‍റെ അടുത്ത മത്സരം. ഗോവ ജനുവരി എട്ടിന് നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ നേരിടും.