ഐഎസ്‌എല്ലില്‍ കരുത്തന്‍മാര്‍ കൊമ്പ് കൊര്‍ത്തപ്പോള്‍ മത്സരം സമനിലയില്‍. ബംഗളൂരു എഫ്‌സിയും എഫ്‌സി ഗോവയും തമ്മിലുള്ള മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ ഇരു ടീമുകളും വിജയ ഗോളിനായി അവസാന നിമിഷം വരെ പൊരുതിയെങ്കിലും ഫലമുണ്ടായില്ല.
ഐഎസ്‌എല്‍ ഏഴാം സീസണിലെ കരുത്തന്‍മാരുടെ പോരാട്ടത്തിന് ആദ്യ പകുതിയില്‍ പതിഞ്ഞ തുടക്കമായിരുന്നെങ്കില്‍ രണ്ടാം പകുതിയില്‍ ഇരു ടീമുകളും ആക്രമിച്ച് കളിച്ചു. പാര്‍ത്തലുവിന്‍റെ അസിസ്റ്റിലൂടെ ജുവനാന്‍ ബംഗളൂരുവിന്‍റെ ലീഡ് ഉയര്‍ത്തി. 57ാം മിനിട്ടിലായിരുന്നു ജുവനാന്‍ ഗോവയുടെ വല കുലുക്കിയത്. പിന്നാലെ ഇരട്ട ഗോളുമായി സ്‌പാനിഷ് താരം ഇഗോര്‍ അംഗുലോ ഗോവയുടെ രക്ഷകനായി അവതരിച്ചു. 66ാം മിനിട്ടിലും 69ാം മിനിട്ടിലുമായിരുന്നു അംഗുലോയുടെ ഗോളുകള്‍ പിറന്നത്. സ്‌പാനിഷ് താരം നൊവേരയുടെ അസിസ്റ്റിലാണ് ആദ്യ ഗോള്‍ പിറന്നതെങ്കില്‍ കോര്‍ണര്‍ കിക്കിലൂടെയാണ് രണ്ടാമത്തെ ഗോള്‍ അംഗുലോ സ്വന്തമാക്കിയത്.